| Sunday, 7th July 2019, 2:30 pm

'ഈ കോപ്പ അമേരിക്ക ബ്രസീലിനെ ചാമ്പ്യന്മാരാക്കാന്‍ ആസൂത്രണം ചെയ്തത്'; ആരോപണവുമായി ലയണല്‍ മെസ്സി

സ്പോര്‍ട്സ് ഡെസ്‌ക്

സാവോ പൗളോ: ഇത്തവണത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ബ്രസീലിനെ ചാമ്പ്യന്മാരാക്കാന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്ന ഗുരുതര ആരോപണവുമായി അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി. അര്‍ജന്റീന അര്‍ഹിച്ച വിജയങ്ങള്‍ കരുതിക്കൂട്ടിയുള്ള തെറ്റായ റഫറിയിങ്ങിലൂടെ തട്ടിയെടുക്കപ്പെട്ടതായും മെസ്സി ആരോപിച്ചു.

എന്നാല്‍ മെസ്സിയുടെ ആരോപണങ്ങള്‍ സ്വീകാര്യമല്ലെന്ന് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡിയായ കോണ്‍മെബോള്‍ വ്യക്തമാക്കി. സത്യത്തെ വളച്ചൊടിക്കുന്നതാണ് മെസ്സിയുടെ പ്രസ്താവനകളെന്ന് അവര്‍ ആരോപിച്ചു.

മൂന്നാം സ്ഥാനത്തിന് വേണ്ടി ചിലിയുമായുള്ള മത്സരത്തില്‍ തനിക്ക് ലഭിച്ച ചുവപ്പ് കാര്‍ഡ് അടക്കം ഈ അനീതിയുടെ ഭാഗമാണ് എന്നും ടൂര്‍ണമെന്റിലെ അഴിമതിയില്‍ പങ്കാളിയാകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് മെഡല്‍ വാങ്ങേണ്ടെന്ന് തീരുമാനിച്ചതെന്നും മെസ്സി പറഞ്ഞു. മുന്‍ മത്സരങ്ങളിലും റഫറിയിങ്ങിനെതിരെ മെസി പരാതി പറഞ്ഞിരുന്നു. ചിലിക്കെതിരായ മത്സരത്തിനുശേഷം മെഡല്‍ വാങ്ങാതെയാണ് മെസ്സി മടങ്ങിയത്.

എന്നാല്‍ ഫുട്‌ബോളില്‍ ചിലപ്പോഴൊക്കെ വിജയിക്കുകയും ചിലപ്പോഴൊക്കെ തോല്‍ക്കുകയും ചെയ്യുമെന്ന് കോണ്‍മെബോള്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. മനുഷ്യരാണ് റഫറിയിങ് നടത്തുന്നത് എന്നുള്ളതുകൊണ്ട് എപ്പോഴും ഒരുപോലെയാവില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ബ്രസീലിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

12 ടീമുകളാണ് ടൂര്‍ണമെന്റിലുണ്ടായിരുന്നത്. എല്ലാവരും ഒരേ സാഹചര്യത്തിലാണു കളിക്കുന്നത്. ടൂര്‍ണമെന്റിനോടുള്ള ആദരവില്ലായ്മയാണ് ഈ ആരോപണങ്ങള്‍’- അവര്‍ പറഞ്ഞു.

ബ്രസീല്‍ കോപ്പ അമേരിക്ക ചാമ്പ്യനാകും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. എല്ലാം അവര്‍ക്ക് വേണ്ടി നേരത്തെ തയ്യാറാക്കി വച്ചിട്ടുണ്ടെന്നും മെസ്സി പറഞ്ഞിരുന്നു. പെറു പോരാടിയേക്കാം. അതിനുള്ള കരുത്ത് അവര്‍ക്കുണ്ട്. എന്നാല്‍ ബ്രസീലേ ജയിക്കൂ. പെറുവിന് ജയം നേടുക ബുദ്ധിമുട്ടായിരിക്കും. ഇത്തവണത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനെക്കുറിച്ച് ഞാന്‍ പറഞ്ഞ കാര്യങ്ങളാണ് എനിക്ക് ചുവപ്പ് കാര്‍ഡ് തരാന്‍ അവരെ പ്രേരിപ്പിച്ചത്. ഞാന്‍ എല്ലായ്പ്പോഴും സത്യം പറയും. അത് എന്നെ ശാന്തനാക്കുന്നു – മെസി പറഞ്ഞതായി അര്‍ജന്റീന ഫുട്ബോള്‍ ടീം ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി.

‘റഫറി അനാവശ്യ പ്രതികരണമാണ് നടത്തിയത്. മഞ്ഞ കാര്‍ഡിനുള്ളതേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് വളരെയധികം ദേഷ്യം തോന്നുന്നുണ്ട്. കാരണം ഞാന്‍ ഈ ചുവപ്പ് കാര്‍ഡ് അര്‍ഹിക്കുന്നില്ല. ഞങ്ങള്‍ നല്ല പ്രകടനമാണ് നടത്തിയത്. ഞങ്ങള്‍ വളരെ മുന്നിലായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ റഫറിയിങ്ങിലെ അഴിമതി ഒരുപാടുണ്ടായി. ബ്രസീലുമായുള്ള ഞങ്ങളുടെ കളിയും മികച്ചതായിരുന്നു. എന്നാല്‍ തെറ്റായ റഫറിയിംഗ് ഞങ്ങളെ ഫൈനലില്‍ എത്തുന്നതില്‍ നിന്ന് തടഞ്ഞു’- മെസി പറഞ്ഞു.

ചുവപ്പ് കാര്‍ഡ് കിട്ടിയത് മൂലം മാര്‍ച്ചില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കളിക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിയില്ല. കരിയറിലെ രണ്ടാമത്തെ ചുവപ്പ് കാര്‍ഡാണ് 32-കാരനായ മെസിക്ക് ഇന്നു കിട്ടിയത്.

അവര്‍ എന്തുവേണമെങ്കിലും ചെയ്തോട്ടെ. സത്യം പറഞ്ഞേ മതിയാകൂ. ഞാന്‍ ശാന്തനായി തല ഉയര്‍ത്തിപ്പിടിച്ചാണ് മടങ്ങുന്നത്. ഈ ടീമിനെക്കുറിച്ച് അഭിമാനമാണ് ഉള്ളത് എന്നും മെസി പറഞ്ഞു.

ചിലിക്കെതിരായ മത്സരം 2-1-ന് അര്‍ജന്റീന ജയിച്ച് കോപ്പ അമേരിക്കയില്‍ മൂന്നാം സ്ഥാനം നേടിയെങ്കിലും 37-ാം മിനിറ്റില്‍ മെസ്സിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു.

അര്‍ജന്റീന സെമിയില്‍ ബ്രസീലിനോട് പരാജയപ്പെട്ടിരുന്നു. നാളെ പുലര്‍ച്ചെ പെറുവുമായാണ് ബ്രസീലിന്റെ കലാശപ്പോരാട്ടം.

We use cookies to give you the best possible experience. Learn more