ഖത്തറിൽ നടക്കാനിരിക്കുന്ന വേൾഡ് കപ്പ് ടൂർണമെന്റോട് കൂടി ലോകകപ്പ് മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് അർജന്റൈൻ ഇതിഹാസം ലയണൽ മെസി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
അർജന്റീനിയൻ ആരാധകർക്ക് വലിയ തിരിച്ചടിയായിരുന്നു ഈ വാർത്ത.
എന്നാൽ ഫിഫ ലോകകപ്പിന് ശേഷവും മെസി അർജൻറീന ടീമിൽ തുടരുമെന്ന സൂചനയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
മാരക്കാനയിൽ അവസാന നിമിഷം കൈവിട്ട് പോയ ലോകകപ്പ് ഉയർത്തിപ്പിടിക്കാൻ തയ്യാറായാണ് ഇത്തവണ മെസിയും സംഘവും ഖത്തറിലെത്തുക.
കോപ്പ അമേരിക്കയും ഫൈനലിസിമ കിരീടവും നേടിയ അർജന്റീന 35 മത്സരങ്ങളുടെ അപരാജിത നേട്ടവും അക്കൗണ്ടിലിട്ടാണ് രാജ്യാന്തര പോരാട്ടത്തിനെത്തുന്നത്.
കളിക്കളത്തിൽ അനായാസ പ്രകടനം നടത്തി ഗോളുകൾ വാരിക്കൂട്ടുന്ന താരത്തിന് വിശ്വ ഫുട്ബോളിന്റെ സ്വർണ കപ്പിലേക്കുള്ള ദൂരം മാത്രമാണ് ഇനി ബാക്കി.
2014ൽ മാരക്കാനയിൽ ഒരു കയ്യകലത്തിലാണ് അർജന്റീനക്ക് ലോകകപ്പ് നഷ്ടമായത്. എന്നാൽ ഇത്തവണ ഒന്നുകൂടി ശക്തമാക്കിയ ടീമും അതിനെക്കാൾ കരുത്തേറിയ പ്രതീക്ഷയുമായാണ് മെസിയും കൂട്ടരും അങ്കത്തിനെത്തുന്നത്.
ഖത്തറിലേത് അവസാന ലോകകപ്പായിരിക്കുമെന്ന് മെസി പ്രഖ്യാപിച്ചതോടെ താരത്തെ ഇനി അർജന്റീനയുടെ ജേഴ്സിയിൽ കാണാൻ കഴിയില്ലേ എന്ന ആശങ്കയിലായിരുന്നു ആരാധകർ.
എന്നാൽ അർജന്റീന ഫാൻസിന് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
തനിക്ക് 35 വയസായെങ്കിലും ആരോഗ്യവും ഫുട്ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശവും കെടാതെ കൂടെയുണ്ടെന്നാണ് മെസി പറഞ്ഞത്.
എന്നാൽ അന്തിമ തീരുമാനം ഖത്തറിലെ ലോകകപ്പിനെ ആശ്രയിച്ചിരിക്കുമെന്നും അതിന് ശേഷം മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂ എന്നുമാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്.
ഖത്തർ ലോകകപ്പിൽ ബ്രസീലും ഫ്രാൻസുമാണ് തന്റെ ശക്തരായ എതിരാളികളെന്ന് താരം കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അർജന്റീനക്കായി ഇത്തവണ കപ്പ് നേടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അതിനായി തങ്ങളുടെ ടീം സജ്ജമാണെന്നും മെസി കൂട്ടിച്ചേർത്തു.
നിലവിൽ പാരിസ് സെന്റ് ഷെർമാങ്ങിന് വേണ്ടി മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഈ സീസണിൽ നടന്ന 15 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും 10 അസിസ്റ്റുമാണ് താരം ഇതുവരെ നേടിയത്.
അതേസമയം മെസിയുടെ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കാനിരിക്കുകയാണ്.
ഒരു വശത്ത് പി.എസ്.ജി കരാർ പുതുക്കാൻ തയ്യാറായിരിക്കുമ്പോൾ താരത്തെ തിരിച്ച് വിളിക്കാൻ കാത്തിരിക്കുകയാണ് മുൻ ക്ലബ്ബായ ബാഴ്സലോണ.
എന്നാൽ മറുവശത്ത് ജനുവരിയിൽ നടക്കാനിരിക്കുന്ന സമ്മർ ട്രാൻസ്ഫറിൽ താരവുമായി സൈനിങ് നടത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും.
എന്നിരുന്നാലും ഖത്തർ ലോകകപ്പ് കഴിഞ്ഞാലേ താരം കരാർ ഒപ്പിടുന്നതിനെ കുറിച്ച് തീരുമാനം അറിയിക്കൂ എന്നാണ് റിപ്പോർട്ട്.
Content Highlights: Lionel Messi shares ineteresting news to his fans