| Sunday, 2nd October 2022, 3:40 pm

ക്യാപ്ഷനുമില്ല വികാരവുമില്ല ഒരു കുന്തവുമില്ല; ഇതുവരെയില്ലാത്ത രീതിയില്‍ മെസി; വിജയമാഘോഷിച്ചതിങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ് വണ്ണില്‍ പാരീസ് സെന്റ് ഷെര്‍മാങ് തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒ.ജി.സി നൈസിനെ (OGC Nice) ഒന്നിനെതിരെ രണ്ട് ഗോളിനാണ് പാരീസ് വമ്പന്‍മാര്‍ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ മത്സരത്തിലും മെസി ഗോള്‍ നേടിയിരുന്നു. ഒരു തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളിലൂടെയാണ് മെസി ഒ.ജി.സി വലകുലുക്കിയത്. മത്സരത്തിന്റെ 29ാം മിനിട്ടിലായിരുന്നു മെസിയുടെ ഗോള്‍ പിറന്നത്.

ആദ്യ പകുതിയില്‍ പിന്നിലായ നൈസ്, രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പി.എസ്.ജിയെ ഞെട്ടിച്ചു. രണ്ടാം പകുതി തുടങ്ങി രണ്ടാം മിനിട്ടില്‍ ലബോര്‍ഡെയിലൂടെ നൈസ് തിരിച്ചടിച്ചു.

ഒടുവില്‍ മത്സരത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ ഏഴ് മിനിട്ട് ബാക്കി നില്‍ക്കെ എംബാപ്പെയായിരുന്നു പി.എസ്.ജിക്കായി വിജയ ഗോള്‍ കണ്ടെത്തിയത്.

ഇതോടെ ഒമ്പത് മത്സരത്തില്‍ നിന്നും എട്ട് ജയവും ഒരു സമനിലയുമടക്കം 25 പോയിന്റോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും പി.എസ്.ജിക്കായി.

കഴിഞ്ഞ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ മെസി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മത്സരത്തിലെ ആവേശകരമായ ഏഴ് ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

തന്റെ എല്ലാ മത്സരത്തിന് ശേഷവും താരം ഇത്തരത്തില്‍ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ക്യാപ്ഷന്‍ നല്‍കാതെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. ക്യാപ്ഷന്‍ മാത്രമല്ല ഒരു ഇമോജി പോലും ചിത്രങ്ങള്‍ക്കൊപ്പം പങ്കുവെച്ചിട്ടില്ല എന്നതാണ് ആരാധകരെ കണ്‍ഫ്യൂഷനിലാക്കുന്നത്. എന്നിരുന്നാലും പി.എസ്.ജിയുടെ വിജയം ആരാധകര്‍ ആഘോഷമാക്കുകയാണ്.

സീസണില്‍ താരത്തിന്റെ ആറാം ഗോളാണിത്. ലീഗ് വണ്ണില്‍ അഞ്ചും ചാമ്പ്യന്‍സ് ലീഗില്‍ ഒരു ഗോളുമാണ് മെസി സീസണില്‍ ഇതിനോടകം തന്നെ നേടിയത്.

ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. ബെന്‍ഫിക്കയുടെ തട്ടകമായ ലൂസ് സ്റ്റേഡിയത്തില്‍ (Estádio da Luz) ഒക്ടോബര്‍ ആറിനാണ് മത്സരം.

content highlight: Lionel Messi shares his photos without caption after PSG vs Nice match

We use cookies to give you the best possible experience. Learn more