ഫുട്ബോള്‍ കരിയറില്‍ എല്ലാ നേട്ടങ്ങളും കൈപ്പിടിയിലൊതുക്കിയ താരമാണ് ലയണല്‍ മെസി. അന്താരാഷ്ട്ര ഫുട്ബോളിലും ക്ലബ്ബ് തലത്തിലും ഇനിയൊരു ടൈറ്റിലും മെസിക്കിനി നേടാനില്ല. തന്റെ ഏറ്റവും വലിയ പ്രത്യേകതയെന്തെന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണിപ്പോള്‍.
എന്തെങ്കിലുമൊന്ന് നേടണമെന്നാഗ്രഹിച്ചാല്‍ അത് തലയിലിട്ട് നടക്കുമെന്നും അത് നേടിക്കഴിയുന്നതുവരെ അതിനെക്കുറിച്ച് ചിന്തിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോലാവിപ് അര്‍ജന്റീനക്ക് (Bolavip Argentina) നല്‍കിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം പങ്കുവെച്ചത്.
‘എന്റെ സ്വഭാവ സവിശേഷതയോ? എനിക്കറിയില്ല, പക്ഷേ എനിക്ക് തോന്നുന്നു വിടാതെയുള്ള ശ്രമങ്ങള്‍ ആണ് അതെന്നാണ്. എന്തെങ്കിലും നേടണമെന്ന് ആഗ്രഹിച്ചുകഴിഞ്ഞാല്‍ ഞാനത് തലയിലിട്ട് നടക്കും. അത് നേടിക്കഴിയുന്നത് വരെ ഞാനത് മനസില്‍ നിന്ന് വിടാറില്ല,’ മെസി പറഞ്ഞു.
ലയണല്‍ മെസിയുടെ ഫുട്ബോള്‍ കരിയറിന്റെ തുടക്കം കഷ്ടതകളും കഠിനാധ്വാനവും നിറഞ്ഞതായിരുന്നു. തന്റെ പതിനൊന്നാമത്തെ വയസില്‍ ശരീരത്തിലെ ഹോര്‍മോണ്‍ വളര്‍ച്ചയുടെ അപര്യാപ്തത മൂലം താരം ചികിത്സ തേടിയിരുന്നു. ഒരുപരിധിയില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി മികച്ച ഫുട്ബോളറാകണമെന്ന സ്വപ്നം സാക്ഷാത്കരിച്ച താരമാണ് മെസി.
അതേസമയം മെസിയുടെ ക്ലബ്ബ് ഫുട്‌ബോള്‍ ഭാവി അനിശ്ചിതത്വത്തിലാണ്. വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ താരം ഏത് ക്ലബ്ബുമായി സൈനിങ് നടത്തുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.
പി.എസ്.ജി വിട്ട് മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഔദ്യാഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ബാഴ്‌സലോണക്ക് പുറമെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലും താരത്തെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുണ്ട്. 400 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന ഓഫറാണ് മെസിക്ക് മുന്നില്‍ അല്‍ ഹിലാല്‍ വെച്ചിരിക്കുന്നത്.
എന്നിരുന്നാലും ഈ സീസണ്‍ അവസാനിക്കുമ്പോള്‍ മാത്രമെ മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറിനെ കുറിച്ച് അന്തിമ തീരുമാനം എടുക്കൂ എന്ന് മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി അറിയിച്ചതായി പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ആയ ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.