| Wednesday, 2nd August 2023, 3:59 pm

'പിച്ചില്‍ എന്റെ നോട്ടമില്ലാതെ തന്നെ അവന് കാര്യം മനസിലാകും'; വിശ്വസ്തനായ താരത്തെ കുറിച്ച് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

കരിയറിലെ വിശ്വസ്തനായ താരത്തിന്റെ പേര് പറഞ്ഞ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. ബാഴ്‌സലോണയില്‍ കളിക്കുമ്പോഴുള്ള അനുഭവം പങ്കുവെക്കുന്നതിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്. ബാഴ്‌സയിലെ മുന്‍ സഹതാരം ജോര്‍ധി ആല്‍ബയാണ് തന്നെ പൂര്‍ണമായി മനസിലാക്കിയിട്ടുള്ള താരമെന്നും അദ്ദേഹത്തെ വിശ്വസിച്ച് നോ-ലുക്ക്-പാസ് നല്‍കാനാകുമെന്നും മെസി പറഞ്ഞു. 2018ല്‍ കാറ്റലൂണിയ റേഡിയോക്ക് മെസി നല്‍കിയ അഭിമുഖം ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണിപ്പോള്‍.

‘ജോര്‍ധി ആല്‍ബക്ക് എന്നെ പൂര്‍ണമായി മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഞാന്‍ ഒരു നോ-ലുക്ക്-പാസ് നല്‍കുമ്പോള്‍ തന്നെ അവന് കാര്യം മനസിലാകും. എനിക്ക് ആല്‍ബയുമായി ഒരു പ്രത്യേക ബന്ധമുണ്ട്,’ മെസി പറഞ്ഞു.

ആല്‍ബ ബാഴ്‌സലോണയുമായി പിരിയുമ്പോള്‍ മെസി അയച്ച സന്ദേശവും ശ്രദ്ധ നേടിയിരുന്നു. ആല്‍ബ തനിക്ക് ഒരു സഹതാരത്തെക്കാളും അപ്പുറത്താണെന്നാണ് മെസി കുറിച്ചത്. കരിയറിലെ പുതിയ സ്റ്റേജ് സന്തോഷം കൊണ്ടുവരുന്നതാകട്ടെ എന്നും മെസി ആശംസിച്ചു.

‘നിങ്ങളെനിക്ക് ഒരു സഹതാരത്തെക്കാളും അപ്പുറമാണ്. നമുക്കിടയില്‍ അങ്ങനെയൊരു ബന്ധം ഉടലെടുക്കാനുണ്ടായ യാത്ര എത്ര മനോഹരമായിരുന്നു. നിനക്കും കുടുംബത്തിനും ആശംസകള്‍ നേരുന്നു. കരിയറിലെ പുതിയ സ്റ്റേജ് നിനക്ക് സന്തോഷവും ജയവും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാത്തിനും നന്ദി, ജോര്‍ധി,’ മെസി കുറിച്ചു.

അതേസമയം, മെസിക്കും ബാഴ്‌സയിലെ താരത്തിന്റെ മുന്‍ താരമായ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിനും പിന്നാലെ ആല്‍ബയും അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയിരിക്കുകയാണ്.

2012ല്‍ വലെന്‍സിയയില്‍ നിന്ന് ബാഴ്സലോണയിലെത്തിയ ആല്‍ബ കറ്റാലന്‍ വമ്പന്‍മാര്‍ക്കായി 300 മത്സരങ്ങളിലാണ് ബൂട്ടുകെട്ടിയത്. ബാഴ്സയുടെ സുപ്രധാന നേട്ടങ്ങളില്‍ പങ്കുവഹിച്ച ആല്‍ബ ഒരു പതിറ്റാണ്ടിലധികം ക്ലബ്ബില്‍ ചെലവഴിച്ചു. തുടര്‍ന്ന് ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്ബില്‍ നിന്ന് പടിയിറങ്ങുകയായിരുന്നു.

Content Highlights: Lionel Messi shares experience with Jordi Alba

We use cookies to give you the best possible experience. Learn more