| Tuesday, 24th October 2023, 9:04 am

ബെന്‍സിമയുടെ ബാലണ്‍ ഡി ഓര്‍ നേട്ടം; അഭിപ്രായം പങ്കുവെച്ച് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

2022ലെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സിമ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ബെന്‍സിമ ഈ അവാര്‍ഡ് നേടിയതിനെകുറിച്ച് സംസാരിച്ചിരിക്കുകയാണ് അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി.

ലെ എക്യുപ് ലൂടെ റീലീസ് ചെയ്യാന്‍ പോവുന്ന ബാലണ്‍ ഡി ഓര്‍ 2022: ദി റൈസ് ടുവെഡ്‌സ് ഏറ്റെര്‍നിറ്റി എന്ന ഡോക്യുമെന്ററിയിലൂടെയാണ് ഈ വിഷയത്തെകുറിച്ചുള്ള മെസിയുടെ ചിന്തകള്‍ വെളിപ്പെടുത്തിയത്.

ബെന്‍സിമ മികച്ച താരമാണെന്നും 2022 ബാലണ്‍ ഡി ഓര്‍ അവാര്‍ഡിന് ബെന്‍സിമ അര്‍ഹനാണെന്നുമാണ് മെസി പങ്കുവെച്ചത്.

‘ബെന്‍സിമ 2022ലെ മികച്ച സീസണ്‍ കൊണ്ട് ആ അവാര്‍ഡിന് അര്‍ഹനായിരുന്നു. അവന്‍ ഒരു മികച്ച കളിക്കാരനാണ്. ആ ബാലണ്‍ഡി ഓര്‍ അവാര്‍ഡ് അവനും ഫുട്‌ബോളിനും പ്രധാനമാണ്,’ മെസി ഫൂട്ട് മെര്‍ക്കാറ്റോ വഴി പറഞ്ഞു.

2021-22 സീസണില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനൊപ്പം ഒരു അവിസ്മരണീയമായ സീസണ്‍ ആയിരുന്നു ബെന്‍സിമയുടേത്. ആ സീസണില്‍ റയലിനായി 46 മത്സരങ്ങളില്‍ നിന്നും 44 ഗോളുകളും 15 അസിസ്റ്റുകളുമാണ് ഫ്രഞ്ച് താരം അക്കൗണ്ടിലാക്കിയത്.

ലോസ് ബ്ലാങ്കോസ് ആ സീസണില്‍ ട്രെബിള്‍ നേടിയിരുന്നു. ലാ ലിഗ , യുവേഫ ചാമ്പ്യന്‍സ് ലീഗ്, സൂപ്പര്‍കോപ ഡി എസ്പാന എന്നീ കിരീടങ്ങളാണ് ബെന്‍സിമയുടെ നേതൃത്വത്തില്‍ റയല്‍ മാഡ്രിഡ് നേടിയത്.

ലയണല്‍ മെസിയും കരീം ബെന്‍സിമയും ദശാബ്ദത്തിലേറെയായി സ്പാനിഷ് ലീഗില്‍ കളികളത്തില്‍ മുഖാമുഖം വന്നിട്ടുണ്ട്. റയല്‍ മാഡ്രിഡിനായി ബെന്‍സിമ 648 മത്സരങ്ങളില്‍ നിന്നും 354 ഗോളുകള്‍ നേടിയിട്ടുണ്ട്.

ഈ സീസണിലാണ് ബെന്‍സിമ സാന്റിയാഗോ ബെര്‍ണബ്യുവില്‍ നിന്നും തന്റെ നീണ്ട കരിയര്‍ അവസാനിപ്പിച്ച് സൗദി ക്ലബ്ബായ അല്‍ ഇത്തിഹാദിലേക്ക് ചേക്കേറിയത്. അല്‍ ഇത്തിഹാദിന് വേണ്ടി ബെന്‍സിമ എട്ട് മത്സരങ്ങളില്‍ ആറ് ഗോളുകള്‍ നേടിയിട്ടുണ്ട്.

അതേസമയം ഈ സീസണില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും ലയണല്‍ മെസി ഇന്റര്‍ മയാമിയിലേക്ക് കൂടുമാറുകയായിരുന്നു.

ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള താരവും മെസിയാണ്. ഒക്ടോബര്‍ 30നാണ് പുതിയ ബാലണ്‍ഡി ഓര്‍ ജേതാവിനെ പ്രഖ്യാപിക്കുക.

Content Highlights: Lionel Messi share the opinion on Karim Benzema winning the Ballon d’Or.

We use cookies to give you the best possible experience. Learn more