ഫിഫ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ തകര്‍ത്താണ് അര്‍ജന്റീന വിശ്വകിരീടമുയര്‍ത്തിയത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകിരീടമുയര്‍ത്താനായതിന്റെ ആഘോഷം വലിയ രീതിയിലാണ് അര്‍ജന്റൈന്‍ താരങ്ങളും ലോകമെമ്പാടുമുള്ള ആരാധകരും കൊണ്ടാടിയത്.
വിരമിക്കുന്നതിന് മുമ്പ് രാജ്യത്തിനായി ലോകകപ്പ് നേടുകയെന്ന അര്‍ജന്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ സ്വപ്ന സാക്ഷാത്കാരം കൂടിയാണ് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നിറവേറിയത്.
ലാറ്റിനമേരിക്കന്‍ കരുത്തരുടെ പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ലോകകപ്പ് വിജയത്തിന്റെ ആവേശമിനിയും കെട്ടടങ്ങിയിട്ടില്ല. ലോകകപ്പിലെ കാത്തിരുന്ന വിജയത്തിന് പിന്നാലെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായ്ക്ക് തന്റെ ഒപ്പിട്ട ജേഴ്‌സി അയച്ച ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
മുന്‍ ഇന്ത്യന്‍ താരം പ്രഖ്യാന്‍ ഓജയാണ് ജയ് ഷാ മെസി ഒപ്പിട്ട ജേഴ്‌സി പിടിച്ച് നില്‍ക്കുന്ന ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.
‘#GOAT തന്റെ ആശംസകളും കൂടെ ഒപ്പുവെച്ച മാച്ച് ജേഴ്‌സിയും ജയ് ഭായിക്ക് അയച്ചിരിക്കുന്നു. എന്തൊരു എളിയ വ്യക്തിത്വമാണ് അദ്ദേഹം. എനിക്കും ഉടന്‍ ഒരെണ്ണം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്നാണ് പ്രഖ്യാന്‍ ഓജ ജയ് ഷായുടെ ജേഴ്‌സി പിടിച്ചുകൊണ്ടുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
മുമ്പ് 1978, 1986 എന്നീ വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയതിന് ശേഷം നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍ സാധിച്ചതോടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്ക് അദേഹത്തിന്റെ കരിയറില്‍ പ്രധാനപെട്ട എല്ലാ ക്ലബ്ബ്, ഇന്റര്‍നാഷണല്‍ ടൈറ്റിലുകളും സ്വന്തമാക്കാന്‍ സാധിച്ചു.