| Thursday, 23rd February 2023, 2:09 pm

നദാലിന്റെ സന്ദേശത്തിന് തകര്‍പ്പന്‍ മറുപടിയുമായി മെസി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സ്പോര്‍ട്സ് ഡെസ്‌ക്

കായിക ലോകത്തെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കുന്ന ലോറസ് പുരസ്‌കാരത്തിന് അര്‍ഹരായ താരങ്ങളുടെ അന്തിമ പട്ടിക പുറത്തുവിട്ടിരുന്നു.

ഫുട്‌ബോള്‍ മേഖലയില്‍ നിന്ന് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഷോട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആറ് താരങ്ങളില്‍ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലും സ്ഥാനമുറപ്പിച്ചിട്ടുണ്ട്.

പുരസ്‌കാരത്തിനുള്ള നോമിനികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ലയണല്‍ മെസിയെ പ്രശംസിച്ച് നദാല്‍ സോഷ്യല്‍ മീഡിയയില്‍ സ്‌റ്റോറി പങ്കുവെച്ചിരുന്നു.

ലോറസ് പുരസ്‌കാരത്തിന് വീണ്ടും നോമിനേറ്റ് ചെയ്യപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും എന്നാല്‍ ഇത്തവണ അത് മെസിയാണ് അര്‍ഹിക്കുന്നതെന്നുമായിരുന്നു നദാല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

തൊട്ടുപിന്നാലെ മറുപടിയുമായി എത്തിയിരിക്കുകയാണ് മെസി. താങ്കളെ പോലൊരു അത്‌ലെറ്റ് എന്നെ കുറിച്ച് ഇങ്ങനെ പറയുമ്പോള്‍ തനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും.

താങ്കളും അവാര്‍ഡ് അര്‍ഹിക്കുന്നുണ്ടെന്നും, ഇനിയുമൊരുപാട് മത്സരങ്ങള്‍ അവശേഷിക്കുന്നതിനാല്‍ തന്നെ എല്ലാവരും ഇതര്‍ഹിക്കുന്നുണ്ടെന്നുമായിരുന്നു മെസിയുടെ വാക്കുകള്‍.

‘താങ്കളെ പോലൊരാള്‍ എന്നെ കുറിച്ച് ഇങ്ങനെ പറയുമ്പോള്‍ തിരിച്ചു പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. ഒരുപാട് നന്ദി നദാല്‍, നിങ്ങളും ഈ അവാര്‍ഡ് അര്‍ഹിക്കുന്നുണ്ട്.

നിങ്ങളൊരു വിന്നര്‍ ആണ്. നമുക്ക് ഒത്തിരി മത്സരങ്ങള്‍ ഇനിയും ബാക്കിയില്ലേ? ഈ വര്‍ഷം എല്ലാവരും അവാര്‍ഡിന് അര്‍ഹരാണ്,’ മെസി കുറിച്ചു.

അതേസമയം, ആറ് താരങ്ങളാണ് വിഖ്യാതമായ ലോറസ് അവാര്‍ഡിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയത്. അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്‌കറ്റ് ബോള്‍ താരമായ സ്റ്റീഫന്‍ കറി, സ്വീഡിഷ് അമേരിക്കന്‍ പോള്‍വാള്‍ട്ടര്‍ മോണ്ടോ ഡൂപ്ലാന്റിസ്, ഫോര്‍മുല വണ്‍ ചാമ്പ്യന്‍ മാക്‌സ് വേസ്റ്റാപ്പാന്‍ എന്നിവരാണ് പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട മറ്റ് താരങ്ങള്‍.

ഫിഫ ലോക ചാമ്പ്യനായിക്കൊണ്ടാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ ലോറസ് അവാര്‍ഡ് നോമിനിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

ദേശീയ ടീമിനൊപ്പം വിശ്വകിരീടം ഉയര്‍ത്തിയതോടെ തന്റെ കരിയര്‍ സമ്പൂര്‍ണമാക്കിയിരിക്കുകയാണ് മെസി. മാത്രമല്ല ഖത്തര്‍ ലോകകപ്പില്‍ ഏഴ് ഗോളും മൂന്ന് അസിസ്റ്റും നേടി ഗോള്‍ഡന്‍ ബോളും താരം സ്വന്തമാക്കിയിരുന്നു.

ഒരിക്കല്‍കൂടി ഫ്രഞ്ച് ഓപ്പണ്‍ കിരീട ജേതാവായി ചരിത്രം കുറിച്ചുകൊണ്ടാണ് റാഫേല്‍ നദാല്‍ ലോറസ് പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടത്.

Content Highlights: Lionel Messi sends reply to Rafael Nadal on social media

We use cookies to give you the best possible experience. Learn more