|

ഞങ്ങള്‍ ബാഴ്‌സലോണ ദുര്‍ബലരാണ്‌; മെസിയുടെ സ്വയം വിമര്‍ശനത്തിന് കാരണമെന്ത്?

സ്പോര്‍ട്സ് ഡെസ്‌ക്

കൗമാര താരമായിരുന്ന മെസിയെ ഇന്ന് കാണുന്ന ലോകചാമ്പ്യനാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇടമാണ് എഫ്.സി ബാഴ്‌സലോണ. മെസി തന്റെ കരിയറില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയതും കിരീടങ്ങള്‍ നേടിയതും കറ്റാലന്‍മാര്‍ക്കൊപ്പമായിരുന്നു. ലാ ലീഗയും സൂപ്പര്‍ കപ്പും ചാമ്പ്യന്‍സ് ലീഗുമടക്കം 35 കിരീടങ്ങളാണ് മെസി ബാഴ്‌സക്കൊപ്പം സ്വന്തമാക്കിയത്.

ഏറെ സന്തോഷത്തിനൊപ്പം അല്‍പം കണ്ണുനീരും ബാഴ്‌സലോണ മെസിക്ക് നല്‍കിയിരുന്നു. എല്‍ ക്ലാസിക്കോയിലെ പരാജയവും സ്വന്തം തട്ടകത്തിലെത്തി എ.എസ് റോമ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്താക്കിയതുമെല്ലാം അതില്‍ ചിലത് മാത്രം.

ഹോം ക്രൗഡിന് മുമ്പില്‍ താരതമ്യേന ദുര്‍ബലരായ ഒസാസുനയോട് പരാജയപ്പെട്ടതിന് പിന്നാലെ 2019-20 സീസണില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡ് കിരീടമുയര്‍ത്തുന്നത് നോക്കി നില്‍ക്കേണ്ടി വന്നതും മെസി മറക്കാന്‍ ഇടയില്ല. ബയേണിനോട് 8-2ന് പരാജയപ്പെട്ടതും ഇതേ സീസണില്‍ തന്നെയായിരുന്നു.

2007-08 സീസണിന് ശേഷം ഇതാദ്യമായിട്ടായിരുന്നു ബാഴ്‌സലോണ ഒരു ട്രോഫി പോലുമില്ലാതെ സീസണ്‍ അവസാനിപ്പിക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ പുറത്തായ ബാഴ്‌സ കോപ്പ ഡെല്‍ റേയില്‍ ക്വാര്‍ട്ടറിലും സൂപ്പര്‍ കോപ്പ ഡെ എസ്പാനയില്‍ സെമിയിലും പുറത്തായി. ലാ ലീഗിയില്‍ രണ്ടാമതായാണ് ടീം ഫിനിഷ് ചെയ്തത്.

ഇതിന് പിന്നാലെ മെസി സ്വയം വിമര്‍ശനപരമായി സംസാരിച്ചിരുന്നു. ഒരു ടീം എന്ന നിലയില്‍ തങ്ങള്‍ ദുര്‍ബലരാണെന്നും എതിരാളികള്‍ ആവേശത്തോടെ പന്തു തട്ടിയാല്‍ പരാജയപ്പെടുന്നവരാണെന്നും മെസി പറഞ്ഞിരുന്നു. സ്പാനിഷ് ടി.വിയോട് സംസാരിക്കവെയാണ് അന്ന് മെസി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

‘ഞങ്ങള്‍ ദുര്‍ബലരായ ടീമാണ്. വേണ്ടത്ര ആവേശവും തീവ്രമായ കളിയുമുണ്ടെങ്കില്‍ തോല്‍പിക്കാന്‍ സാധിക്കുന്ന ഒരു ടീമായി ഞങ്ങള്‍ മാറി. ഞങ്ങള്‍ക്ക് ഒരുപാട് പോയിന്റുകള്‍ നഷ്ടപ്പെട്ടു, ഞങ്ങളത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലായിരുന്നു. സ്ഥിരതയില്ലാതെയാണ് ഞങ്ങള്‍ കളിച്ചത്.

താരങ്ങളില്‍ നിന്നും ആരംഭിച്ച് മുഴുവന്‍ ക്ലബ്ബിനെയും ഞങ്ങള്‍ സ്വയം വിമര്‍ശനപരമായി പരിശോധിക്കേണ്ടതുണ്ട്. കാരണം ഞങ്ങള്‍ ബാഴ്‌സലോണയാണ്, ഞങ്ങള്‍ എല്ലാ മത്സരവും വിജയിക്കാന്‍ ബാധ്യസ്ഥരായിരുന്നു,’ മെസി പറഞ്ഞു.

ഇതിന് ശേഷം ഒരു സീസണ്‍ മാത്രമാണ് മെസി ബാഴ്‌സയില്‍ ചെലവിട്ടത്. ആ സീസണില്‍ റയലിനെയും ബാഴ്‌സയെയും ഒരുപോലെ ഞെട്ടിച്ച് അത്‌ലറ്റിക്കോ മാഡ്രിഡാണ് ലീഗ് കിരീടമുയര്‍ത്തിയത്.

Content highlight: Lionel Messi self criticized after failing to lift La Liga trophy

Video Stories