| Wednesday, 10th July 2024, 8:38 am

ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമാണ് ഇനി മെസിയുടെ സ്ഥാനം; അർജന്റീനക്ക് ഫൈനൽ ടിക്കറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 കോപ്പ അമേരിക്ക ഫൈനലിലേക്ക് യോഗ്യത നേടി അര്‍ജന്റീന. കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാര്‍ ഫൈനലിലേക്ക് മുന്നേറിയത്. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം ജൂലിയന്‍ അല്‍വാരസും നായകന്‍ ലയണല്‍ മെസിയുമാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ 22ാം മിനിട്ടില്‍ ആയിരുന്നു അല്‍വാരസിന്റെ ഗോള്‍ പിറന്നത്. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ മെസിയും കൂട്ടരും ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ 51ാം മിനിട്ടില്‍ ആയിരുന്നു മെസിയുട ഗോള്‍ പിറന്നത്.

ഈ ടൂര്‍ണമെന്റിലെ മെസിയുടെ ആദ്യ ഗോള്‍ ആയിരുന്നു ഇത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും അര്‍ജന്റീനന്‍ ഇതിഹാസം സ്വന്തമാക്കി. കോപ്പ അമേരിക്കയുടെ ആറ് വ്യത്യസ്ത എഡിഷനുകളില്‍ ഗോള്‍ നേടുന്ന താരമായി മാറാനാണ് മെസിക്ക് സാധിച്ചത്. ഇതോടെ മുന്‍ ബ്രസീലിയന്‍ താരം സിസീഞ്ഞോയുടെ റെക്കോഡിനൊപ്പമെത്താനും മെസിക്ക് സാധിച്ചു.

ഇതിന് പുറമെ കോപ്പ അമേരിക്കയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ താരമായി മാറാനും മെസിക്ക് സാധിച്ചു. മുന്‍ അര്‍ജന്റീനന്‍ താരം എയ്ഞ്ചല്‍ ലബ്രൂണക്കും മുന്‍ മെക്‌സിക്കൻ താരം റാഫ മാര്‍ക്വസിനും ആണ് കോപ്പയിലെ ഏറ്റവും പ്രായം കൂടിയ ഗോള്‍ സ്‌കോറര്‍മാര്‍.

അതേസമയം ഗ്രൂപ്പ് ഘട്ടത്തില്‍ ചിലിക്കെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റ മെസിക്ക് പിന്നീടുള്ള രണ്ടു മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇപ്പോള്‍ കലാശ പോരാട്ടത്തിന് മുന്നോടിയായി മെസിയുടെ ബൂട്ടുകള്‍ വീണ്ടും ഗോളടിച്ചു തുടങ്ങിയതോടെ ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

ജൂലൈ 15നാണ് കോപ്പ അമേരിക്കയുടെ ഫൈനല്‍ മത്സരം നടക്കുന്നത്. നാളെ നടക്കുന്ന കൊളംബിയ-ഉറുഗ്വായ് രണ്ടാം സെമി ഫൈനലിലെ വിജയികളായിരിക്കും ഫൈനലില്‍ മെസിയുടെയും കൂട്ടരുടെയും എതിരാളികള്‍.

Content Highlight: Lionel Messi Score goal and Argentina Reached Copa America Final

We use cookies to give you the best possible experience. Learn more