'രാജാവ് വരവറിയിച്ചു'; അമേരിക്കന്‍ അരങ്ങേറ്റം ഗംഭീരമാക്കി ലയണല്‍ മെസി; വീഡിയോ
Football
'രാജാവ് വരവറിയിച്ചു'; അമേരിക്കന്‍ അരങ്ങേറ്റം ഗംഭീരമാക്കി ലയണല്‍ മെസി; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 22nd July 2023, 9:28 am

ഇന്റര്‍ മയാമിയില്‍ അരങ്ങേറ്റം കുറിച്ച് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. ലീഗ് കപ്പിലെ ആദ്യ മത്സരത്തില്‍ ക്രൂസ് അസൂളിനെതിരെയായിരുന്നു മെസി കളത്തിലിറങ്ങിയത്. 1-1ന്റെ സമനിലയില്‍ പിരിയാനൊരുങ്ങിയ മത്സരത്തിന്റെ 94ാം മിനിട്ടില്‍ മെസിയുടെ ഫ്രീ കിക്കിലൂടെ ഇന്റര്‍ മയാമി ജയിക്കുകയായിരുന്നു.

പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്നാണ് മഴവില്‍ ഫ്രീ കിക്കിലൂടെ മെസി ഗോള്‍ നേടിയത്. ഇഞ്ച്വറി ടൈമില്‍ ബോക്‌സിന് പുറത്ത് മെസിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കാണ് മയാമിയുടെ വിജയ ഗോളില്‍ കലാശിച്ചത്.

മത്സരത്തിന്റെ ആദ്യ ഇലവനില്‍ മെസി ഉണ്ടായിരുന്നില്ല. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ റോബേര്‍ട്ട് ടെയ്‌ലറിലൂടെ മയാമി ലീഡെടുക്കുകയായിരുന്നു. രണ്ടാം പകുതിയുടെ 54ാം മിനിട്ടില്‍ ബെഞ്ചമിന്‍ ക്രെമാസ്ചിക്ക് പകരക്കാരനായാണ് പത്താം നമ്പര്‍ കുപ്പായത്തില്‍ ഇതിഹാസം ഇറങ്ങിയത്. മെസി ഇറങ്ങി പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും യൂറിയല്‍ അന്റൂന ക്രൂസ് അസൂളിനായി സമനില പിടിച്ചു.

മികച്ച വരവേല്‍പ്പായിരുന്നു ലോക ചാമ്പ്യന് അമേരിക്കന്‍ ലീഗിലെ തന്റെ ആദ്യ മത്സരത്തില്‍ ലഭിച്ചത്. ഓരോ തവണ താരം പന്ത് തൊടുമ്പോഴും ഗ്യാലറിയില്‍ മെസി ചാന്റുകള്‍ മുഴങ്ങി. ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മെസിയുടെ മേജര്‍ ലീഗ് സോക്കര്‍ അരങ്ങേറ്റം കാണാനെത്തിയിരുന്നു.

അതേസമയം, മത്സരത്തില്‍ ജയിക്കാനായെങ്കിലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുകയാണ് മയാമി. ഇതുവരെ കളിച്ച 22 മത്സരങ്ങളില്‍ അഞ്ച് തവണ മാത്രമാണ് ഇന്റര്‍ മയാമിക്ക് ജയിക്കാനായത്. ജയിച്ചെങ്കിലും പോയന്റ് പട്ടികയില്‍ ഇന്റര്‍ മിയാമി ഇപ്പോഴും അവസാന സ്ഥാനത്തു തന്നെയാണ്.

Content Highlights: Lionel Messi score for Inter Miami on his debut against Crus Azul