ഫ്രഞ്ച് ഇതിഹാസ താരവും മുന്‍ റയല്‍ മാഡ്രിഡ് മാനേജരുമായ സിനദിന്‍ സിദാനോട് മാത്രമേ കരിയറില്‍ താന്‍ ജേഴ്‌സി ആവശ്യപ്പെട്ടിട്ടുള്ളൂ എന്ന് വ്യക്തമാക്കുകയാണ് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി. സാധാരണയായി താന്‍ ആരുടെയും ജേഴ്‌സി ചോദിക്കാറില്ലെന്നും മറിച്ച് കൈമാറ്റം ചെയ്യുകയാണ് പതിവെന്നും മെസി പറഞ്ഞു.
2017ല്‍ നല്‍കിയ അഭിമുഖത്തിലാണ് മെസി സിദാന്റെ ജേഴ്‌സി ചോദിച്ചുവാങ്ങിച്ചതിനെ കുറിച്ച് സംസാരിച്ചത്.
‘ഞാന്‍ ആരോടും ജേഴ്‌സി ചോദിക്കാറില്ല. സാധാരണയായി പരസ്പരം സ്വാപ് ചെയ്യുകയാണ് ചെയ്യാറുള്ളത്. പക്ഷേ ഞാന്‍ ഒരിക്കല്‍ മാത്രമാണ് ജേഴ്‌സി ആവശ്യപ്പെട്ടിട്ടുള്ളത്. അതും സിനദിന്‍ സിദാനോട്.
എതിര്‍ ടീമില്‍ അര്‍ജന്റൈന്‍ താരമുണ്ടെങ്കില്‍ അവനുമായാണ് ഞാന്‍ ജേഴ്‌സി കൈമാറ്റം ചെയ്യാറുള്ളത്. അതും ആരെങ്കിലും എന്നോട് ചോദിച്ചാല്‍ മാത്രം, അല്ലാതെ ഞാന്‍ ആരോടും അങ്ങോട്ട് ആവശ്യപ്പെടാറില്ല,’ ടി.വൈ.സി സിപോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ മെസി പറഞ്ഞു.
ഒരിക്കല്‍ മാത്രമാണ് മെസിയും സിദാനും ഒന്നിച്ച് കളത്തിലിറങ്ങിയത്. 2005-06 സീസണിലെ ബാഴ്‌സലോണ – റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോ പോരാട്ടത്തിലാണ് ഇരുവരും ഒരേ മത്സരത്തില്‍ കളത്തിലിറങ്ങിയത്.
മത്സരത്തില്‍ ബാഴ്‌സലോണ എതിരില്ലാത്ത മൂന്ന് ഗോളിന് റയലിനെ പരാജയപ്പെടുത്തിയിരുന്നു. അതില്‍ ഒരു ഗോളിന് മെസിയാണ് വഴിയൊരുക്കിയത്.
2023ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ സ്വാപ് ചെയ്ത ജേഴ്‌സികളെ കുറിച്ച് മെസി സംസാരിച്ചിരുന്നു. ബാഴ്‌സലോണയിലെ തന്റെ വീട്ടിലാണ് മെസി ഈ ജേഴ്‌സികളെല്ലാം സൂക്ഷിച്ചിരിക്കുന്നത്.
‘ആ സമയത്ത് ആരാണോ അവിടെയുള്ളത്, അവര്‍ക്കൊപ്പമാണ് ജേഴ്‌സി കൈമാറ്റം ചെയ്യാറുള്ളത്. എന്നാല്‍ എതിര്‍ ടീമില്‍ അര്‍ജന്റൈന്‍ താരമുണ്ടെങ്കില്‍ സാധാരണയായി ഞാന്‍ അവനുമായാണ് എന്റെ ജേഴ്‌സി എക്‌സ്‌ചേഞ്ച് ചെയ്യാറുള്ളത്.
യൂറോപ്പിലെ മറ്റ് താരങ്ങള്‍ക്കൊപ്പവും എനിക്ക് മുമ്പ് പരിചയമുള്ള താരങ്ങളുമായെല്ലാം ഞാന്‍ ജേഴ്‌സി വെച്ചുമാറിയിട്ടുണ്ട്. എനിക്ക് അറിയാവുന്ന താരങ്ങളുമായി ജേഴ്‌സി കൈമാറ്റം ചെയ്യുന്നത് എപ്പോഴും സന്തോഷകരമായ കാര്യമാണ്,’ മെസി കൂട്ടിച്ചേര്‍ത്തു.
അതേസമയം, എം.എല്‍.എസില്‍ തങ്ങളുടെ അടുത്ത മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് മെസി. മേജര്‍ ലീഗ് സോക്കറില്‍ ന്യൂയോര്‍ക് സിറ്റിയാണ് എതിരാളികള്‍. ന്യൂയോര്‍ക്കിന്റെ ഹോം സ്‌റ്റേഡിയമായ യാങ്കീ സ്‌റ്റേഡിയമാണ് വേദി.
നിലവില്‍ 29 മത്സരത്തില്‍ നിന്നും 19 ജയവും ആറ് സമനിലയും നാല് തോല്‍വിയുമായി 63 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഇന്റര്‍ മയാമി.
Content highlight: Lionel Messi says Zinedine Zidane is the only player he asked for shirt during career