| Tuesday, 13th June 2023, 8:21 pm

എന്റെ അവസാന ലോകകപ്പ് ഞാന്‍ കളിച്ചു; 2026ലെ ലോകകപ്പില്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിന് ലയണല്‍ മെസി

സ്പോര്‍ട്സ് ഡെസ്‌ക്

2026ല്‍ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ ലോക ചാമ്പ്യന്മാരായിരുന്ന അര്‍ജന്റൈന്‍ ക്യാപറ്റന്‍ ലയണല്‍ മെസി ഖത്തറിലേത് തന്റെ അവസാന ലോകകപ്പ് ആണെന്ന് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ മെസി 2026ലെ ലോകകപ്പില്‍ കളിക്കുമെന്ന് വിശ്വസിക്കുന്നവരാണ് ഓരോ അര്‍ജന്റൈന്‍- മെസി ആരാധകരും.

എന്നാലിപ്പോള്‍ 2026 ലോകകപ്പില്‍ കളിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറയുകയാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. ചൈനീസ് ഔട്ട്ലെറ്റായ ടൈറ്റന്‍ സ്പോര്‍ട്സിനോടായിരുന്നു മെസിയുടെ പ്രതികരണം.

‘ഞാന്‍ നേരത്തെ പറഞ്ഞതാണത്, ഞാന്‍ എന്റെ അവസാന ലോകകപ്പ് കളിച്ചു, ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. എന്നാല്‍ ഇപ്പോള്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല,’ ലയണല്‍ മെസി പറഞ്ഞു.

ഖത്തര്‍ ലോകകപ്പിന് മുമ്പാണ് മെസി ഇത് തന്റെ അവസാന ലോകകപ്പ് ആണെന്ന് പറഞ്ഞിരുന്നത്. തുടര്‍ന്ന് ലോകകപ്പിന് ശേഷം താരം വിരമിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലോകകപ്പില്‍ അര്‍ജന്റീന ചാമ്പ്യന്മാരായതിന് താരം അടുത്ത ലോകകപ്പ് കൂടി കളിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഖത്തര്‍ ലോകകപ്പില്‍ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി ഗംഭീര പ്രകടനമാണ് മെസി കാഴ്ച വെച്ചത്. കൂടാതെ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും മെസി ഖത്തറിന്റെ മണ്ണില്‍ നിന്നും സ്വന്തമാക്കി.

അതേസമയം, ജൂണ്‍ 15ന് ഒസ്ട്രേലിയയുമായി നടക്കുന്ന സൗഹൃദ മത്സരത്തിനായി ലയണല്‍ മെസിയും സംഘവും നിലവില്‍ ചൈനയില്‍ എത്തിയിരിക്കുകയാണ്.

Content Highlight: Lionel Messi says that he won’t play in the next World Cup in 2026

We use cookies to give you the best possible experience. Learn more