| Thursday, 6th October 2022, 10:50 pm

ഖത്തറിലേത് അവസാന ലോകകപ്പായിരിക്കും, ഞാന്‍ തീരുമാനം എടുത്തുകഴിഞ്ഞു: ലയണല്‍ മെസി

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അവസാനലോകകപ്പായിരിക്കും ഖത്തറിലേതെന്ന ചര്‍ച്ചകള്‍ കഴിഞ്ഞ കുറച്ച് നാളുകളായി നടക്കുന്നുണ്ട്. 35കാരനായ താരം 2026ല്‍ നടക്കുന്ന ലോകകപ്പില്‍ ഇനി കളിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞതാണ്.

ഇപ്പോള്‍ മെസി തന്നെ ഇതിന് സ്ഥിരീകരണം നല്‍കുകയാണ്. സെബാസ്റ്റിയന്‍ വിന്‍ഗോളോയുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ഇതെന്റെ അവസാന ലേകകപ്പായിരിക്കും. അക്കാര്യം ഉറപ്പാണ്. ഞാന്‍ ആ തീരുമാനം എടുത്തുകഴിഞ്ഞു,’ മെസി പറഞ്ഞു.

‘ലോകകപ്പിനോടടുക്കുന്ന ഓരോ ദിവസവും ഞാന്‍ എണ്ണിക്കൊണ്ടിരിക്കുകയാണ്.
അവസാന ലോകകപ്പില്‍ എന്തായിരിക്കും സംഭവിക്കാന്‍ പോവുക എന്നതിനെ പറ്റി ആശങ്കയുണ്ട്. ഇനിയും ലോകകപ്പിനായി കാത്തിരിക്കാനാവില്ല. കളിയെല്ലാം നന്നായി പോകുമെന്നാണ് വിചാരിക്കുന്നത്.

നിലവില്‍ ഞങ്ങള്‍ക്ക് മികച്ച ഒരു ടീമുണ്ട്. എന്നാല്‍ ലോകകപ്പില്‍ എന്തുവേണമെങ്കിലും സംഭവിക്കാം. എല്ലാം മാച്ചും വളരെ ബുദ്ധിമുട്ടേറിയതാണ്. ഫേവറീറ്റ്‌സുകള്‍ മാത്രമായിരിക്കില്ല കപ്പ് നേടുന്നതും നന്നായി പെര്‍ഫോം ചെയ്യുന്നതും. ലോകകപ്പിനെ ഏറ്റവും സ്‌പെഷ്യലാക്കുന്നത് അതാണ്.

അര്‍ജന്റീന ഫേവറീറ്റ്‌സാണോ എന്നറിയില്ല. ഞങ്ങള്‍ക്കും മേലെ നില്‍ക്കുന്ന ഒരുപാട് ടീമുകളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ എപ്പോഴും ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ടീമാണ് ഞങ്ങളുടേത്,’ മെസി പറഞ്ഞു.

2014ല്‍ അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍ എത്തിയിരുന്നു. ഫൈനലില്‍ ജര്‍മനിയോട് തോറ്റെങ്കിലും ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാന്‍ മെസിക്കായി. 2018ലെ റഷ്യ വേള്‍ഡ് കപ്പില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്താകാനായിരുന്നു അര്‍ജന്റീനയുടെ വിധി. കോപ്പ അമേരിക്കന്‍ കപ്പാണ് മെസിയുടെ ക്യാപ്‌റ്റെന്‍സിയില്‍ അര്‍ജന്റീന ഏറ്റവും ഒടുവില്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെയാണ് അര്‍ജന്റീന മുട്ടുകുത്തിച്ചത്.

Content Highlight: Lionel Messi says Qatar world cup will be the last World Cup of him

We use cookies to give you the best possible experience. Learn more