| Thursday, 12th September 2024, 10:24 pm

റൊണാള്‍ഡോക്കൊപ്പം കളിക്കാന്‍ താത്പര്യമുണ്ടോ? തുറന്നുപറഞ്ഞ് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളാണ് അര്‍ജന്റൈന്‍ ലെജന്‍ഡ് ലയണല്‍ മെസിയും പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. കഴിഞ്ഞ 15 വര്‍ഷങ്ങളായി ഇരുവരും ഫുട്‌ബോള്‍ ലോകത്ത് പുലര്‍ത്തുന്ന സമഗ്രാധിപത്യം ഇപ്പോഴും തുടരുകയാണ്.

ലയണല്‍ മെസിയെ ഇതിഹാസമാക്കി മാറ്റുന്നതില്‍ റൊണാള്‍ഡോയും റൊണാള്‍ഡോയെ ഇതിഹാസമാക്കി മാറ്റുന്നതില്‍ മെസിയും വഹിച്ച പങ്ക് വളരെ വലുതാണ്. പരസ്പരം മത്സരിച്ചാണ് ഫുട്‌ബോള്‍ ലോകത്തെ രണ്ട് ധ്രുവങ്ങളില്‍ നിര്‍ത്തിയത്.

കളിക്കളത്തില്‍ പലപ്പോഴും നേര്‍ക്കുനേര്‍ വന്നിട്ടുണ്ടെങ്കിലും ഒരിക്കല്‍പ്പോലും ഒരേ ടീമില്‍ കളിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല. ഇപ്പോള്‍ റൊണാള്‍ഡോക്കൊപ്പം ഒരു ടീമില്‍ കളിക്കാന്‍ താത്പര്യമുണ്ടെന്ന് വ്യക്തമാക്കുകയാണ് മെസി. സ്‌പോര്‍ട്‌സ് ബൈബിളിന് നല്‍കിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം പറഞ്ഞത്.

‘തീര്‍ച്ചയായും, ഞാന്‍ എപ്പോഴും മികച്ച താരങ്ങള്‍ക്കൊപ്പം പന്തുതട്ടാന്‍ ആഗ്രഹിക്കുന്നു. റൊണാള്‍ഡോ അവരില്‍ ഒരാളാണ്. ഒരേ ടീമില്‍ കളിക്കുന്നത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്നാണ് ഞാന്‍ കരുതുന്നത്.

എങ്കിലും ഞാന്‍ അദ്ദേഹത്തോടൊപ്പം കളിക്കാന്‍ ആഗ്രഹിക്കുന്നു. ഫുട്ബോളില്‍ ഞാന്‍ നിരവധി താരങ്ങളോടൊപ്പം കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തോടൊപ്പം കളിക്കളത്തില്‍ ഒരുമിച്ച് വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ മെസി പറഞ്ഞു.

നിലവില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം തന്നെയാണ് മെസി കളിക്കുന്നത്. ബാഴ്‌സലോണയിലെ തന്റെ സഹതാരങ്ങളായ ലൂയി സുവാരസും ജോര്‍ഡി ആല്‍ബയും മെസിക്കൊപ്പം ഇന്റര്‍ മയാമിയില്‍ പന്തുതട്ടുന്നുണ്ട്.

മേജര്‍ ലീഗ് സോക്കര്‍ ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 27 മത്സരത്തില്‍ നിന്നും 18 വിജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമായി 59 പോയിന്റോടെയാണ് മയാമി ഒന്നാം സ്ഥാനത്ത് തുടരുന്നത്.

സെപ്റ്റംബര്‍ 15നാണ് മയാമിയുടെ അടുത്ത മത്സരം. ചെയ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഫിലാഡല്‍ഫിയയാണ് എതിരാളികള്‍.

അതേസമയം, റൊണാള്‍ഡോയാകട്ടെ ഒന്നിന് പിന്നാലെ ഒന്നായി റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. 900 സീനിയര്‍ ഗോള്‍ എന്ന നേട്ടം സ്വന്തമാക്കിയ താരം 48 വിവിധ രാജ്യങ്ങള്‍ക്കെതിരെ ഗോള്‍ സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

നേഷന്‍സ് ലീഗില്‍ സ്‌കോട്‌ലാന്‍ഡിനെതിരായണ് റൊണാള്‍ഡോ അവസാനമായി ഗോള്‍ നേടിയത്. അന്താരാഷ്ട്ര കരിയറിലെ 132ാം ഗോളാണ് താരം സ്വന്തമാക്കിയത്.

റോണോയുടെ കരുത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് പോര്‍ച്ചുഗല്‍ വിജയം സ്വന്തമാക്കിയത്.

ഈ വിജയത്തിന് പിന്നാലെ ലീഗ് വണ്‍ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് പോര്‍ച്ചുഗല്‍. കളിച്ച രണ്ട് മത്സരത്തില്‍ രണ്ടിലും വിജയിച്ചാണ് പോര്‍ച്ചുഗല്‍ ഒന്നാമത് തുടരുന്നത്.

ഒക്ടോബര്‍ 13നാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പോളണ്ടാണ് എതിരാളികള്‍. നാഷണല്‍ സ്റ്റേഡിയം വര്‍സോയാണ് വേദി.

Content Highlight: Lionel Messi says he would like to play with Cristiano Ronaldo

We use cookies to give you the best possible experience. Learn more