| Wednesday, 25th September 2024, 7:06 pm

അവിടേക്ക് പോകണമെന്ന് ചിന്തിച്ചു; രണ്ട് ഓപ്ഷനുകള്‍, രണ്ടും മികച്ചത്; പുതിയ ടീമിന്റെ ഭാഗമായതിനെ കുറിച്ച് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

2023ലാണ് യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും പുതിയ തട്ടകങ്ങളിലേക്ക് ചുവടുമാറ്റിയത്. റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിലേക്ക് മാറിയപ്പോള്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്കാണ് മെസി ചേക്കേറിയത്.

റൊണാള്‍ഡോ സൗദി പ്രോ ലീഗിന്റെ ഭാഗമായതോടെ മെസിയും സൗദിയിലേക്ക് തന്നെ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അല്‍ നസറിന്റെ ചിരവൈരികളായ അല്‍ ഹിലാലിലേക്ക് മെസി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. മെസിയുടെ പേരെഴുതിയ മെര്‍ച്ചന്‍ഡൈസുകളും പ്രത്യക്ഷപ്പെട്ടതോടെ മെസി സൗദിയിലെത്തുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വിശ്വാസ്യതയേറി.

എന്നാല്‍ മെസി ഡേവിഡ് ബെക്കാമിന്റെ ഇന്റര്‍ മയാമിയിലേക്ക് മാറുകയായിരുന്നു. ആരാധകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു അത്.

സൗദിയിലേക്ക് പോകുന്ന കാര്യം താന്‍ ചിന്തിച്ചിരുന്നെന്ന് പറയുകയാണ് ലയണല്‍ മെസി. സൗദിയും എം.എല്‍.എസ്സും, ഈ രണ്ട് ഓപ്ഷനുകളാണ് തന്റെ മുമ്പിലുണ്ടായിരുന്നതെന്നും ഇത് രണ്ടും വളരെ ഇന്ററസ്റ്റിങ്ങായിരുന്നുവെന്നും മെസി പറയുന്നു.

2023 ഡിസംബറില്‍ ടൈം മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം സംസാരിച്ചത്.

‘സൗദി ലീഗിലേക്ക് പോകുന്നതിനെ കുറിച്ച് ഞാന്‍ ഏറെ ചിന്തിച്ചിരുന്നു. ആ രാജ്യത്തെ കുറിച്ചെനിക്ക് നന്നായി അറിയാം. സമീപ ഭാവിയില്‍ തന്നെ ലോകത്തിലെ പ്രധാന ഫുട്‌ബോള്‍ ലീഗായി മാറാനൊരുങ്ങുന്ന മികച്ച ടൂര്‍ണമെന്റിനെ കുറിച്ചും എനിക്ക് ധാരണയുണ്ടായിരുന്നു.

രാജ്യത്തിന്റെ ടൂറിസം അംബാസഡര്‍ എന്ന നിലയിലും എന്നെ ഏറെ ആകര്‍ഷിച്ച ഒരു സ്ഥലമായിരുന്നു അത്. സന്ദര്‍ശിച്ച സ്ഥലങ്ങളെല്ലാം തന്നെ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കും സൗദി ലീഗിനെ മികച്ച ലീഗ് ആക്കി മാറ്റുന്നതിനും അവര്‍ നടത്തുന്ന പരിശ്രമങ്ങളുമെല്ലാം സൗദി എനിക്ക് ഇഷ്ടപ്പെടാന്‍ കാരണമായി.

എന്റെ മുമ്പില്‍ രണ്ട് ഓപ്ഷനായിരുന്നു ഉണ്ടായിരുന്നത്. സൗദി അല്ലെങ്കില്‍ എം.എല്‍.എസ്. ഇത് രണ്ടും എനിക്ക് ഏറെ രസകരമായി തോന്നി,’ മെസി പറഞ്ഞു.

പി.എസ്.ജിയില്‍ നിന്നും ഇന്റര്‍ മയാമിയിലെത്തിയ മെസി ടീമിനെ അവരുടെ ചരിത്രത്തിലെ ആദ്യ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ലീഗ്‌സ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലിനെ പരാജയപ്പെടുത്തിയാണ് ഹെറോണ്‍സ് തങ്ങളുടെ ആദ്യ കിരീടം ചൂടിയത്.

നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം നേടി ഇരുവരും സമനിലയില്‍ പിരിഞ്ഞു. മയാമിക്കായി മെസി ഗോള്‍ കണ്ടെത്തിയപ്പോള്‍ പികൗള്‍ട്ടായിരുന്നു നാഷ്‌വില്ലിനായി ഗോള്‍ കണ്ടെത്തിയത്. പിന്നാലെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി.

ഗോള്‍ കീപ്പര്‍മാര്‍ അടക്കം ടീമിലെ 11 പേരും കിക്കെടുത്ത മത്സരത്തില്‍ 10-9നാണ് മയാമി വിജയിച്ചുകയറിയത്.

അതേസമയം, നിലവില്‍ എം.എല്‍.എസില്‍ മികച്ച പ്രകടനമാണ് ഇന്റര്‍ മയാമി നടത്തുന്നത്. 30 മത്സരത്തില്‍ നിന്നും 19 ജയവും ഏഴ് സമനിലയും നാല് തോല്‍വിയുമായി ഒന്നാമതാണ് മയാമി.

സെപ്റ്റംബര്‍ 29നാണ് മയാമി തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ചെയ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഷാര്‍ലെറ്റ് എഫ്.സിയാണ് എതിരാളികള്‍.

Content Highlight: Lionel Messi says he thought about going to the Saudi League

We use cookies to give you the best possible experience. Learn more