| Wednesday, 19th June 2024, 8:13 pm

ഞങ്ങള്‍ വീണ്ടും ലോകകപ്പുയര്‍ത്തും, എന്നാല്‍ അത് ആരാധകര്‍ ഒരിക്കലും ഇങ്ങനെ ആഘോഷിക്കുമെന്ന് തോന്നുന്നില്ല; തുറന്നുപറഞ്ഞ് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോള്‍ ലോകത്തെ ഒന്നടങ്കം തന്റെ കാല്‍ക്കീഴിലാക്കിയാണ് ലയണല്‍ മെസി 2022ല്‍ തന്റെ കരിയര്‍ സമ്പൂര്‍ണമാക്കിയത്. ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് ലയണല്‍ മെസിയെന്ന ഫുട്ബോള്‍ മാന്ത്രികന്‍ വിശ്വകിരീടം ബ്യൂണസ് ഐറിസിലെത്തിച്ചത്.

അര്‍ജന്റൈന്‍ ജനതയുടെ 36 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് മെസി ഖത്തറില്‍ കിരീടം ചൂടിയത്. ഏഴ് ഗോളും മൂന്ന് അസിസ്റ്റുമായി ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും താരം സ്വന്തമാക്കിയിരുന്നു.

2026ല്‍ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ അര്‍ജന്റീന വീണ്ടും കിരീടം നേടുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് പറയുകയാണ് ലയണല്‍ മെസി. അമേരിക്ക ടി.വിയില്‍ മാര്‍സെലോ ടെനിലിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മെസി.

അര്‍ജന്റീന കപ്പുയര്‍ത്തിയപ്പോള്‍ ആരാധകര്‍ മതിമറന്ന് ആഘോഷിച്ചിരുന്നുവെന്നും എന്നാല്‍ ഒരിക്കല്‍ക്കൂടി കിരീടം നേടിയാല്‍ ഇത്തരത്തില്‍ ഒരിക്കലും അവര്‍ ആഘോഷിക്കില്ലെന്നും മെസി പറഞ്ഞു.

‘ലോകകപ്പ് നേടിയതിന് ശേഷം ഞങ്ങള്‍ കണ്ടതുപോലെ ഒന്ന് ഇനിയൊരിക്കലും ഞങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. അഞ്ച് മില്യണോളം വരുന്ന ആളുകള്‍ ഏറെ ആകാംക്ഷയോടെ എത്രയോ കാലമായി ആ വിജയത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. അതൊരു ഭ്രാന്തമായ അനുഭവമായിരുന്നു.

ഞങ്ങള്‍ വീണ്ടും ലോകചാമ്പ്യന്‍മാരായാലും ആളുകള്‍ക്ക് കഴിഞ്ഞ ലോകകപ്പ് വിജയത്തിന് സമാനമായ അനൂഭൂതിയുണ്ടാകുമെന്നോ ഇത്തരത്തില്‍ ആഘോഷിക്കുമോ എന്നൊന്നും ഞാന്‍ കരുതുന്നില്ല. ഞങ്ങള്‍ വീണ്ടും ലോകചാമ്പ്യന്‍മാരാകുമെന്ന് തന്നെയാണ് കരുതുന്നത്,’ മെസി പറഞ്ഞു.

രണ്ട് വര്‍ഷത്തിനിടെ അര്‍ജന്റീനയെ മൂന്ന് കിരീടം ചൂടിച്ചാണ് മെസി ഇതിഹാസതുല്യനായി മാറിയത്. 2021ല്‍ ചിരവൈരികളായ ബ്രസീലിനെ സൂപ്പര്‍ ക്ലാസിക്കോയില്‍ പരാജയപ്പെടുത്തി കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയ മെസിപ്പട ഫൈനലീസിമയില്‍ ഇറ്റലിയെ തോല്‍പിച്ച് രണ്ടാം കിരീടവും സ്വന്തമാക്കി.

ശേഷം 2022ല്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് മെസിയും സംഘവും ലോകത്തെ കാല്‍ക്കീഴിലാക്കിയത്.

വരാനിരിക്കുന്ന കോപ്പ അമേരിക്കക്കാണ് അര്‍ജന്റീന ഒരുങ്ങുന്നത്. ഗ്രൂപ്പ് എ-യിലാണ് അര്‍ജന്റീന സ്ഥാനം പിടിച്ചിരിക്കുന്നത്. പെറു, ചിലി, കാനഡ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ജൂണ്‍ 21നാണ് കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ആദ്യ മത്സരത്തിനിറങ്ങുന്നത്. അറ്റ്‌ലാന്‍ഡയിലെ മെര്‍സിഡിസ് ബെന്‍സ് സ്റ്റേഡിയമാണ് വേദി.

Content Highlight: Lionel Messi says Argentina will become world champions again

We use cookies to give you the best possible experience. Learn more