ഈ വര്‍ഷത്തെ മികച്ച ഫോം തുടരുകയാണ് അര്‍ജന്റീനയുടെ ലയണല്‍ മെസി. ഹോണ്ടുറാസിനെതിരെയുള്ള ഫ്രണ്ട്‌ലീ മത്സരത്തില്‍ രണ്ട് ഗോളാണ് സൂപ്പര്‍ താരം നേടിയത്.
മൂന്ന് ഗോളായിരുന്നു മത്സരത്തില്‍ അര്‍ജന്റീന നേടിയത്. ആദ്യ ഗോള്‍ ലൗറ്റാരോ മാര്‍ട്ടിനെസ് നേടിയപ്പോള്‍ രണ്ടാം ഗോളും മൂന്നാം ഗോളും മെസിയായിരുന്നു സ്വന്തമാക്കിയത്.
തന്റെ ആദ്യത്തെ ഗോള്‍ പെനാല്‍ട്ടിയിലൂടെയാണ് മെസി നേടിയതെങ്കില്‍ രണ്ടാം ഗോള്‍ ബോക്‌സിന് പുറത്ത് നിന്നും തൊടുത്ത് വിട്ട മനോഹരമായ ചിപ് ഷോട്ടായിരുന്നു. അദ്ദേഹത്തിന്റെ ആ ക്രിയേറ്റീവ് ഗോളടി കണ്ട് ആവേശത്തിലാണ് ഫുട്‌ബോള്‍ ലോകം.
മത്സര ശേഷം ലോകകപ്പിനെ കുറിച്ച് മെസി സംസാരിച്ചിരുന്നു. ഒരുപാട് ആഗ്രഹങ്ങത്തിലും ആവേശത്തിലുമാണ് ലോകകപ്പിന് ഇറങ്ങുന്നതെന്നും എന്നാല്‍ അതിലേറെ ഉത്കണ്ഠയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഒരുപാട് ആഗ്രഹങ്ങളും ആകാംക്ഷയുമുണ്ട് അതിനൊപ്പം വല്ലാത്ത ഉത്കണ്ഠയുമുണ്ട്. ലോകകപ്പ് ഇങ്ങെത്തുന്നതിന്റെ ലക്ഷണമാണിത്. എന്നാല്‍ ഞങ്ങള്‍ ശാന്തരായി ഇരിക്കണം. കാരണം ഇനിയുമൊരു ബ്രേക്കുണ്ട്. ക്ലബ്ബില്‍ മികച്ച പ്രകടനം നടത്തികൊണ്ട് ലോകകപ്പിന് സജ്ജരായി തിരിച്ചുവരണം,’ മെസി പറഞ്ഞു.
ലോകകപ്പിന് ആളുകള്‍ എങ്ങനെയാണോ കാത്തിരിക്കുന്നത് അതുപോലെതന്നെ തങ്ങളും കാത്തിരിക്കുന്നുണ്ടെന്ന് മെസി പറഞ്ഞു.
ആളുകള്‍ എങ്ങനെയാണോ കാത്തിരിക്കുന്നത് അതുപോലെതന്നെ ഞങ്ങളും കാത്തിരിക്കുന്നുണ്ട്. ആരാധകര്‍ക്കുള്ളത് പോലെ ആകാംക്ഷയും ആവേശവും ഉത്കണ്ഠയും ഞങ്ങള്‍ക്കുമുണ്ട്. ലോകകപ്പ് എന്ന് പറഞ്ഞാല്‍ സ്‌പെഷ്യലാണ്, ഓരോ ചുവടുകള്‍ വെച്ചുകൊണ്ടാണ് ഞങ്ങള്‍ നീങ്ങേണ്ടത്,’ താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹോണ്ടുറാസിനെതിരെയുള്ള മത്സരത്തിലെ ആദ്യ മിനിട്ട് മുതല്‍ കൃത്യമായി ആധിപത്യം സൃഷ്ടിക്കാന്‍ മെസിക്കും അര്‍ജന്റീനക്കും സാധിച്ചിരുന്നു. ലയണല്‍ മെസി, ലൗറ്റാരോ മാര്‍ട്ടിനസ്, പപു ഗോമസ് എന്നിവരെ ആക്രമണത്തിന് നിയോഗിച്ച് 4-3-3 എന്ന ശൈലിയിലാണ് അര്‍ജന്റീന കളത്തിലെത്തിയത്. കൂടുതല്‍ ആക്രമിച്ച് കളിച്ചതിന്റെ ഗുണം 16-ാം മിനിട്ടില്‍ തന്നെ അര്‍ജന്റീനയ്ക്ക് കിട്ടി.
പപു ഗോമസിന്റെ അസിസ്റ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസായിരുന്നു ആദ്യം വല ചലിപ്പിച്ചത്. ആദ്യപകുതിയുടെ ഇഞ്ചുറിസമയത്ത്(45+2) ലഭിച്ച പെനാല്‍ട്ടി അവസരം വിനിയോഗിച്ച് ലയണല്‍ മെസി ലീഡ് രണ്ടാക്കി ഉയര്‍ത്തുകയായിരുന്നു.
പിന്നീട് 69-ാം മിനിട്ടില്‍ മെസി ഗോള്‍പട്ടികയും അര്‍ജന്റീനയുടെ ജയവും പൂര്‍ത്തിയാക്കി. ഇതോടെ പരാജയമില്ലാതെ അര്‍ജന്റീന 34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. മത്സരത്തില്‍ 68 ശതമാനം ബോള്‍ പൊസെഷന്‍ അര്‍ജന്റീനയ്ക്കുണ്ടായിരുന്നു.
Content Highlight: Lionel Messi Said he is Excited for world cup