| Thursday, 11th May 2023, 11:11 am

'ഒന്നും അവിചാരിതമായി സംഭവിക്കുന്നതല്ല, ഓരോ നേട്ടത്തിന് പിന്നിലും ത്യാഗവും സഹനവുമുണ്ട്'; തരംഗമായി മെസിയുടെ വാക്കുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പിന് മുമ്പ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി തന്റെ ഫുട്ബോള്‍ കരിയറില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവം പങ്കുവെച്ചിരുന്നു. ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴ്‌പ്പെടുത്തി കോപ്പാ അമേരിക്ക സ്വന്തമാക്കിയതിനെ കുറിച്ച് ഓര്‍ത്തെടുത്ത് സംസാരിക്കുകയായിരുന്നു താരം.

നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കിയ ‘ചാമ്പ്യന്‍സ് ഓഫ് അമേരിക്ക’ എന്ന ഡോക്യുമെന്ററിയില്‍ അര്‍ജന്റീനയുടെ കോപ്പ അമേരിക്ക നേട്ടത്തിന്റെ വിഷ്വല്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2021ല്‍ നടന്ന കോപ്പ അമേരിക്കയില്‍ മികച്ച പ്രകടനമായിരുന്നു മെസി പുറത്തെടുത്തിരുന്നത്. ഡോക്യുമെന്ററിയില്‍ മെസി കോപ്പ അമേരിക്ക നേട്ടത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

‘സത്യം പറഞ്ഞാല്‍ എനിക്കറിയില്ല, അത്ഭുതാവഹമാണത്. എനിക്ക് തോന്നുന്നു എന്റെ സ്‌പോര്‍ട്‌സ് കരിയറിലെ അതിമനോഹരവും ഒരിക്കലും മറക്കാന്‍ പറ്റാത്തതുമായ കാര്യമാണത്. ഒന്നും അവിചാരിതമായി സംഭവിക്കുന്നതല്ല. ഓരോ നേട്ടത്തിന് പിന്നിലും ത്യാഗവും സഹനവുമുണ്ട്,’ മെസി പറഞ്ഞു.

മത്സരത്തിന് മുമ്പ് ലോക്കര്‍ റൂമില്‍ മെസി സഹാതാരങ്ങളോട് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 45 ദിവസമാണ് കുടുംബത്തെ വിട്ട് നമ്മള്‍ ഇതിന് വേണ്ടിയുള്ള പ്രയത്‌നം തുടങ്ങിയിട്ടെന്നും ഇതിന് പിന്നില്‍ ഒറ്റ ലക്ഷ്യമേ ഉള്ളൂവെന്നും അത് നമ്മള്‍ ഉടന്‍ നേടുമെന്നുമാണ് മെസി ടീം മേറ്റ്‌സിനോട് പറഞ്ഞത്.

മത്സരത്തിന് ശേഷം വലിയ കരഘോഷമാണ് മെസിക്ക് ആരാധകരില്‍ നിന്നും ലഭിച്ചിരുന്നത്. ആ അംഗീകാരവും പ്രശംസയും മെസിക്ക് ഒരിക്കലും മറക്കാനാവാത്തതാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാണ്.

അതേസമയം, ക്ലബ്ബിന്റെ അനുമതിയില്ലാതെ മെസി രാജ്യം വിട്ടതിന് പി.എസ്.ജി താരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് താരം തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്ക് സഹതാരങ്ങളോട് ക്ഷമാപണം നടത്തുകയും പി.എസ്.ജി താരത്തിന്റെ വിലക്ക് നീക്കുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ മെസി സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

എന്നാല്‍ ക്ലബ്ബ് മാറ്റത്തിന്റെ കാര്യത്തില്‍ മെസി തീരുമാനം എടുത്തിട്ടില്ലെന്നും ഈ സീസണ്‍ അവസാനിക്കുമ്പോള്‍ മാത്രമെ ട്രാന്‍സ്ഫറിനെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നും താരത്തിന്റെ പിതാവും ഏജന്റുമായി ജോര്‍ജ് മെസി നിലപാട് അറിയിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് അറുതി വീഴുകയായിരുന്നു.

ലീഗ് വണ്ണില്‍ ഇതുവരെ കളിച്ച 34 മത്സരങ്ങളില്‍ നിന്ന് 25 ജയവും 78 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി.എസ്.ജി. മെയ് 14ന് അജാസിയോക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: Lionel Messi’s words before Copa America goes viral

We use cookies to give you the best possible experience. Learn more