ഡീഗോ നിനക്കായി; ശ്രദ്ധ നേടി മെസിയുടെ ചിത്രങ്ങള്‍
football news
ഡീഗോ നിനക്കായി; ശ്രദ്ധ നേടി മെസിയുടെ ചിത്രങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 31st July 2023, 5:06 pm

അര്‍ജന്റീനയുടെ മാത്രമല്ല ലോക ഫുട്‌ബോളിലെ തന്നെ ഇതിഹാസങ്ങളാണ് ലയണല്‍ മെസിയും ഡീഗോ മറഡോണയും. അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ സമാനതകളില്ലാത്ത നേട്ടംകൊയ്ത ഡീഗോ 1986ലെ ടീമിനെ ലോക ചാമ്പ്യനാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു. അര്‍ജന്റീനക്കായി 91 മത്സരങ്ങള്‍ കളിച്ച ഡീഗോ 34 ഗോളുകള്‍ നേടിയിട്ടുണ്ട്. 2010ലെ ലോകകപ്പില്‍ മെസിയടങ്ങുന്ന ടീമിനെ പരിശീലിപ്പിച്ചതും ഡീഗോ ആയിരുന്നു.

എന്നാല്‍ അര്‍ജന്റീനയുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ കോപ്പ അമേരിക്ക, ലോകകപ്പ് കിരീടങ്ങള്‍ നേടിയപ്പോള്‍ അത് ജീവനോടെ കാണാനുള്ള ഭാഗ്യം ഫുട്‌ബോള്‍ ഇതിഹാസത്തിനുണ്ടായില്ല. 2020 നവംബറില്‍ 60ാം വയസില്‍ താരം അന്തരിച്ചു.

 

ഇപ്പോഴിതാ മറഡോണയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മെസി. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ 1994ലെ അര്‍ജന്റൈന്‍ ടീമിലെ ഡീഗോയുടെ ജേഴ്‌സി അണിഞ്ഞ ചിത്രങ്ങള്‍ പങ്കുവെച്ചാണ് മെസി മറഡോണയുടെ ഓര്‍മകള്‍ പുതുക്കുന്നത്. അര്‍ജന്റൈന്‍ ഫ്‌ളാഗിന്റെ സ്റ്റിക്കര്‍ സഹിതം രണ്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.

 

ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ മെസി 2022 ലോകകപ്പില്‍ കിരീടം നേടിയതോടെ മറഡോണയുടെ നേട്ടം ആവര്‍ത്തിക്കാന്‍ മെസിക്കായിരുന്നു. 1986ല്‍ മെക്സിക്കോയില്‍ നടന്ന ലോകകപ്പിലാണ് മറഡോണ അര്‍ജന്റീനക്കായി ലോകകിരീടം നേടുന്നത്. അതിന് 36 വര്‍ഷത്തിന് ശേഷാണ് മെസി ഈ നേട്ടം ആവര്‍ത്തിച്ചത്.

ആല്‍ബിസെലെസ്റ്റിനെ പ്രതിനിധീകരിച്ച് 175 മത്സരങ്ങളില്‍ നിന്ന് 103 ഗോളുകളാണ് മെസി ഇതുവരെ നേടിയത്. 2022ലെ കിരീടനേട്ടത്തിന് പിന്നാലെ തന്റെ 36ാം വയസിലും അദ്ദേഹം ദേശീയ ടീമില്‍ തുടരുകയാണ്.

Content Highlight:  Lionel Messi’s tribute to Diego Maradona in retro Argentina jersey in 1994 World Cup