നീണ്ട പതിനേഴ് വർഷമാണ് ലയണൽ മെസി കാറ്റലോണിയൻ ക്ലബ്ബായ ബാഴ്സലോണക്കായി ജേഴ്സിയണിഞ്ഞത്.
ക്ലബ്ബിന്റെ അക്കാദമിയായ ലാ മാസിയയിൽ കളി പഠിച്ച താരം പിന്നീട് ബാഴ്സലോണയുടെ മെയ്ൻ ടീമിലേക്ക് കളം മാറുകയായിരുന്നു.
ബാഴ്സക്കുള്ളിലെ കടുത്ത സാമ്പത്തിക പ്രതിസന്ധികളും ക്ലബ്ബിനുള്ളിലെ സ്വരച്ചേർച്ചയില്ലായ്മയും മൂലമാണ് മെസി ബാഴ്സലോണയിൽ നിന്നും ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലേക്ക് കളം മാറുന്നത്.
പി.എസ്.ജിയിൽ മികവോടെ കളിക്കുന്ന താരത്തിന് ലോകകപ്പിന് ശേഷം പാരിസ് ക്ലബ്ബിൽ തിളങ്ങാൻ സാധിക്കാതിരുന്നതോടെ മെസിക്ക് നേരെ വലിയ വിമർശനങ്ങൾ ക്ലബ്ബിൽ നിന്നും ആരാധകരുടെ ഭാഗത്ത് നിന്നും ഉയർന്ന് കേട്ടിരുന്നു.
എന്നാലിപ്പോൾ മെസി ബാഴ്സലോണയിലേക്ക് തിരികേയെത്തുമെന്നും ബാഴ്സലോണയിൽ കളിക്കാൻ താരത്തിന് താത്പര്യമുണ്ടെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ഇ.എസ്.പി.എൻ മാധ്യമ പ്രവർത്തകനായ മാർട്ടിൻ അൽവാരോ. കൂടാതെ പി.എസ്.ജിയുമായുള്ള കരാർ നീട്ടേണ്ടെന്ന് മെസി തീരുമാനിച്ചെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
“മെസി പാരിസ് വിടാൻ ഒരുങ്ങുകയാണ്. പി. എസ്.ജി ഒരിക്കലും മെസിയുടെ വില മനസിലാക്കിയിട്ടില്ല. ബാഴ്സലോണയിൽ തുടരുന്നതാണ് മെസിക്ക് എപ്പോഴും സന്തോഷം ലഭിക്കുന്ന കാര്യം. അവിടെ അദ്ദേഹത്തിന് ഫ്രീയായി കളിക്കാനും നന്നായിട്ടിരിക്കാനും സാധിക്കും,’ മാർട്ടിൻ അൽവാരോ പറഞ്ഞു.
കൂടാതെ ബാഴ്സലോണയുടെ വൈസ് പ്രസിഡന്റായിരുന്ന റാഫ യുസ്ത്തെയും മെസിയുടെ ബാഴ്സലോണയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.
“മെസിയുമായി ഞങ്ങൾ കോൺടാക്ട് വെച്ച് പുലർത്തുന്നുണ്ട്. മെസിയെ ഞങ്ങൾ എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹത്തെ അംഗീകരിക്കുന്നുണ്ടെന്നും നിങ്ങൾക്ക് ഊഹിക്കാൻ പോലും കഴിയില്ല.
മെസി ബാഴ്സയേയും ആ നഗരത്തേയും സ്നേഹിക്കുന്നുണ്ടെന്നത് സത്യമാണ്. അതിനാൽ തന്നെ മെസി ബാഴ്സയിൽ തന്നെയാണ് തുടരേണ്ടത്,’ റാഫ യുസ്ത്തെ പറഞ്ഞു.
അതേസമയം നിലവിൽ ലീഗ് വണ്ണിൽ 28 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 66 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
ഏപ്രിൽ മൂന്നിന് ലിയോണിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights: Lionel Messi’s return to Barcelona said Martin Alvaro