ഇന്റര്‍ മയാമിക്കായി അങ്ങനെ ചെയ്യണമെന്ന് എനിക്കറിയാമായിരുന്നു; തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മെസി
Football
ഇന്റര്‍ മയാമിക്കായി അങ്ങനെ ചെയ്യണമെന്ന് എനിക്കറിയാമായിരുന്നു; തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 22nd July 2023, 10:31 am

അമേരിക്കന്‍ ലീഗിലെ അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കാഴ്ചവെച്ചത്. ലീഗ് കപ്പിലെ ആദ്യ മത്സരത്തില്‍ ക്രൂസ് അസൂളിനെതിരെയായിരുന്നു മെസി കളത്തിലിറങ്ങിയത്. 1-1ന്റെ സമനിലയില്‍ പിരിയാനൊരുങ്ങിയ മത്സരത്തിന്റെ 94ാം മിനിട്ടില്‍ മെസിയുടെ ഫ്രീ കിക്കിലൂടെ ഇന്റര്‍ മയാമി ജയിക്കുകയായിരുന്നു.

മയാമിയുടെ വിജയത്തിന് പിന്നാലെ മെസിയുടെ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. താനെപ്പോഴും ചെയ്യുന്നത് പോലൊരു ഫ്രീ കിക്ക് ആയിരുന്നു ഇവിടെ ചെയ്തതെന്നും അത് ലക്ഷ്യം കണ്ടതില്‍ സന്തോഷമുണ്ടെന്നും മെസി പറഞ്ഞു. പുതിയ ടൂര്‍ണമെന്റിലെ ഇന്റര്‍ മയാമിയുടെ ആദ്യ മത്സരത്തില്‍ ഗോള്‍ നേടണമെന്ന് തനിക്കറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മെസിയുടെ വാചകങ്ങള്‍ ഉദ്ധരിച്ച് ബാഴ്‌സ യൂണിവേഴ്‌സല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ഇന്റര്‍ മയാമിക്കായി സ്‌കോര്‍ ചെയ്യണമെന്ന് എനിക്കറിയാമായിരുന്നു. ഈ ജയം നേടേണ്ടത് ഞങ്ങളുടെ ആവശ്യവുമായിരുന്നു. ഇത് പുതിയ ടൂര്‍ണമെന്റാണ്. ഈ ജയം മുന്നോട്ട് പോകുന്നതിന് കൂടുതല്‍ ഊര്‍ജം നല്‍കും.

അവസാന നിമിഷത്തിലെ വിജയ ഗോള്‍. ഞാനെല്ലായിപ്പോഴും ചെയ്യുന്നത് പോലെ ഫ്രീ കിക്ക് അടിച്ചു. അത് ലക്ഷ്യം കണ്ടു. ഞാന്‍ വളരെ സന്തോഷവാനാണ്,’ മെസി പറഞ്ഞു.

അതേസമയം, മത്സരത്തിന്റെ ആദ്യ ഇലവനില്‍ മെസി ഉണ്ടായിരുന്നില്ല. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ റോബേര്‍ട്ട് ടെയ്‌ലറിലൂടെ മയാമി ലീഡെടുക്കുകയായിരുന്നു. രണ്ടാം പകുതിയുടെ 54ാം മിനിട്ടില്‍ ബെഞ്ചമിന്‍ ക്രെമാസ്ചിക്ക് പകരക്കാരനായാണ് പത്താം നമ്പര്‍ കുപ്പായത്തില്‍ ഇതിഹാസം ഇറങ്ങിയത്. മെസി ഇറങ്ങി പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും യൂറിയല്‍ അന്റൂന ക്രൂസ് അസൂളിനായി സമനില പിടിച്ചു.

മികച്ച വരവേല്‍പ്പായിരുന്നു ലോക ചാമ്പ്യന് അമേരിക്കന്‍ ലീഗിലെ തന്റെ ആദ്യ മത്സരത്തില്‍ ലഭിച്ചത്. ഓരോ തവണ താരം പന്ത് തൊടുമ്പോഴും ഗ്യാലറിയില്‍ മെസി ചാന്റുകള്‍ മുഴങ്ങി. ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മെസിയുടെ മേജര്‍ ലീഗ് സോക്കര്‍ അരങ്ങേറ്റം കാണാനെത്തിയിരുന്നു.

അതേസമയം, മത്സരത്തില്‍ ജയിക്കാനായെങ്കിലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുകയാണ് മയാമി. ഇതുവരെ കളിച്ച 22 മത്സരങ്ങളില്‍ അഞ്ച് തവണ മാത്രമാണ് ഇന്റര്‍ മയാമിക്ക് ജയിക്കാനായത്. ജയിച്ചെങ്കിലും പോയന്റ് പട്ടികയില്‍ ഇന്റര്‍ മിയാമി ഇപ്പോഴും അവസാന സ്ഥാനത്തു തന്നെയാണ്.

Content Highlights: Lionel Messi’s reaction after his debut match with Inter Miami