ലയണല്‍ മെസിയുടെ ഇന്റര്‍ മിയാമി പ്രവേശനം വലിയ തെറ്റായിപ്പോയെന്ന് അഭിപ്രായപ്പെട്ട് മുന്‍ ബാഴ്സലോണ മാനേജര്‍ റൊണാള്‍ഡ് കോമാന്‍. ബാഴ്‌സ മെസിയെ വിടാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്പാനിഷ് ഔട്ട്‌ലെറ്റായ
മുണ്ടോ ഡിപോര്‍ട്ടീവോയെ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് കീഡയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘രണ്ട് വര്‍ഷം മുമ്പ് അവസ്ഥയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് മെസിയുടെ സാഹചര്യം. ബാഴ്‌സ അവനെ വിടാന്‍ അനുവദിച്ചത് വലിയ തെറ്റായി. മെസി
ബാഴ്‌സയില്‍ തന്റെ ഫുട്‌ബോള്‍ ജീവിതം മുഴുവന്‍ തുടരുമെന്ന് എനിക്ക് എപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു, അവനെ വിട്ടത് വലിയ തെറ്റാണ്,’ റൊണാള്‍ഡ് കോമാന്‍ പറഞ്ഞു.
റൊണാള്‍ഡ് കോമാന്‍
2020 ഓഗസ്റ്റ് അവസാനമാണ് റൊണാള്‍ഡ് കോമാന്‍ ബാഴ്‌സയുടെ മാനേജറായി ചുമതലയേല്‍ക്കുന്നത്. മെസി ബാഴ്‌സ വിടുന്നത് ഓഗസ്റ്റ് 2021നാണ്. ഇരുവരും കൃത്യം ഒരു വര്‍ഷമാണ് ടീമിലുണ്ടായിരുന്നത്.
ഈ സീസണിന്റെ അവസാനത്തോടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ മെസി അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ഇടവേളയെടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിക്കൊപ്പം എം.എല്‍.എസ് കളിക്കാനാണ് പദ്ധതിയിട്ടത്.
1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്.
ജൂലൈ 16ന് ഇന്റര്‍ മിയാമി മെസിയെ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കിയതോടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്റര്‍ മിയാമി മെസിയെ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പ്രചാരം നേടാനാണ് പദ്ധതിയിടുന്നത്. അതിനാല്‍ വലിയ രീതിയില്‍ ഇതിഹാസത്തെ അവതരിപ്പിക്കാനാണ് ഇന്റര്‍ മിയാമിയുടെ തീരുമാനം.