ഖത്തറിലേത് തന്റെ കരിയറിലെ അവസാനത്തെ വേള്‍ഡ് കപ്പ് ആയിരിക്കുമെന്ന് അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസി നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ വിരമിക്കുന്നതിന് മുമ്പ് രാജ്യത്തിനായി വിശ്വകിരീടം ഉയര്‍ത്താനായില്ലെങ്കില്‍ താരം 2026ലെ ലോകപ്പ് കൂടി കളിച്ചേക്കുമെന്നായിരുന്നു പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം ക്രൊയേഷ്യക്കെതിരെ നടന്ന സെമി ഫൈനല്‍ പോരാട്ടത്തിന് ശേഷം ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് മെസി പ്രഖ്യാപിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
അടുത്ത ലോകകപ്പിന് ഇനിയുമൊരുപാട് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതായിട്ടുണ്ടെന്നും അന്നൊരുപക്ഷേ തനിക്ക് കളിക്കാന്‍ സാധിക്കുമോ എന്നറിയാത്തതിനാല്‍ ഈ ലോകകപ്പ് കിരീടം സ്വന്തമാക്കി സന്തോഷത്തോടെ മടങ്ങണമെന്നുമാണ് ആഗ്രഹമെന്നും മെസി മാധ്യമങ്ങളോട് പറഞ്ഞു. ക്രൊയേഷ്യക്കെതിരായ ജയത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മെസി.
‘ഫൈനലിലേക്ക് കടക്കാന്‍ സാധിച്ചതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. അടുത്ത വേള്‍ഡ് കപ്പ് ടൂര്‍ണമെന്റിന് ഇനിയൊത്തിരി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതായുണ്ട്. എനിക്കറിയില്ല അന്ന് കളിക്കാന്‍ സാധിക്കുമോയെന്ന്. അതുകൊണ്ട് ഈ ലോകകപ്പില്‍ മികച്ച മുന്നേറ്റം ഫൈനലില്‍ കിരീടം നേടണമെന്നാണ് ആഗ്രഹം. സന്തോഷത്തോടെ ലോകകപ്പില്‍ നിന്ന് വിരമിക്കണമെന്നും ആഗ്രഹമുണ്ട്,’ മെസി വ്യക്തമാക്കി.
അതേസമയം ജൂലിയന്‍ അല്‍വാരസ് ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസി പെനാല്‍ട്ടിയിലൂടെ വലകുലുക്കി.
മുപ്പതാം മിനിട്ടിന്റെ തുടക്കത്തില്‍ ഗോളെന്നുറപ്പിച്ച അല്‍വാരസിന്റെ മുന്നേറ്റം ബോക്സിനുള്ളില്‍ വെച്ച് ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ലിവാകോവിച്ച് ഫൗള്‍ ചെയ്തതോടെ റഫറി പെനാല്‍ട്ടി വിധിക്കുകയായിരുന്നു.
പെനാല്‍ട്ടി കിക്കെടുത്ത മെസി പന്ത് അനായാസം വലയിലെത്തിച്ചു. ലോകകപ്പിലെ മെസിയുടെ അഞ്ചാം ഗോളാണിത്, പെനാല്‍ട്ടിയില്‍ നേടുന്ന മൂന്നാം ഗോളും.
പൂര്‍ണമായും അല്‍വാരസിന് മാത്രം അവകാശപ്പെടാവുന്നതായിരുന്നു രണ്ടാം ഗോള്‍. ബോക്സിന് പുറത്തുനിന്ന് തനിക്ക് ലഭിച്ച പന്ത് രണ്ട് ക്രൊയേഷ്യന്‍ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഗോളി ലിവാകോവിച്ചിനെയും മറികടന്ന് അല്‍വാരസ് ബോക്സിലെത്തിക്കുകയായിരുന്നു.
69ാം മിനിട്ടിലാണ് അല്‍വാരസിന്റെ രണ്ടാം ഗോള്‍ പിറന്നത്. മെസിയായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്. ഗ്രൗണ്ടിന്റ വലതുഭാഗത്തിന്റെ പകുതിയില്‍ നിന്ന് ലഭിച്ച പന്ത് ക്രൊയേഷ്യന്‍ പ്രതിരോധ താരങ്ങളെ അനായസം മറികടന്ന് മെസി അല്‍വാരസിന് നല്‍കുകയായിരുന്നു. അല്‍വാരസ് അനായാസം ഫിനിഷ് ചെയ്തതോടെ സ്‌കോര്‍ ബോര്‍ഡ് 3-0.
ഈ വിജയത്തോടെ 2018ലെ ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് പകരം വീട്ടാന്‍ അര്‍ജന്റീനക്കായി. അന്ന് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ അര്‍ജന്റീന ക്രൊയേഷ്യയോട് 3-0ന് തോറ്റിരുന്നു.
Content Highlights: Content Highlights: Lionel Messi’s Last world Cup