ചൈനയില്‍ ഓസ്ട്രേലിയക്കെതിരായി നടന്ന സൗഹൃദ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന വിജയിച്ചത്. മത്സരം തുടങ്ങി 80ാം സെക്കന്‍ഡില്‍ ബോക്‌സിന് പുറത്ത് നിന്ന് ഇതിഹാസ താരം ലയണല്‍ മെസിയാണ് അര്‍ജന്റൈനയുടെ ആദ്യ ഗോള്‍ നേടിയത്. 68ാം മിനുട്ടില്‍ ജര്‍മ്മന്‍ പെസെല്ലെയുടെ ഗോളിലൂടെ
അര്‍ജന്റൈന്‍ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.
ഈ വിജയത്തിലൂടെ ഖത്തര്‍ ലോകകപ്പ് വിജയത്തിന് ശേഷവും തങ്ങള്‍ ജൈത്ര യാത്ര തുടരുകയാണെന്ന് അടിവരയിടുകയാണ് മെസിയും സംഘവും. ടീം വിജയത്തെ കൂടാതെ 35ാം വയസില്‍ ലയണല്‍ മെസി അര്‍ജന്റീനക്കായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
2026ലെ ലോകകപ്പില്‍ താന്‍ കളിക്കില്ലെന്ന് ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് മുമ്പ് മെസി പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രായത്തിലും ഈ ഫോമില്‍ കളിക്കുകയാണെങ്കില്‍ താരത്തിന് അടുത്ത ലോകകപ്പിലും കളിക്കാന്‍ കഴിയും എന്നാണ് ആരാധകര്‍ പറയുന്നത്.
അതിന് തെളിവായി ഈ മത്സരത്തിലെ ഒരു വീഡിയോയും ആരാധകര്‍ എടുത്തുകാണിക്കുന്നുണ്ട്. മെസി നാല് ഓസ്‌ട്രേലിയന്‍ താരങ്ങളെ അനായാസം മറികടന്ന് ട്രിബില്‍ ചെയ്ത് പോകുന്നതാണ് വീഡിയോയിലുള്ളത്. മത്സരത്തിന്റെ 79ാം മിനിട്ടിലാണ് ഇങ്ങനെയൊരു പ്രകടനം മെസിയില്‍ നിന്ന് ഉണ്ടായത്. ബോക്‌സിന് പുറത്തുനിന്നടിച്ച ഗോള്‍ ചൂണ്ടിക്കാണിച്ചും മെസി യുഗം അവസാനിച്ചിട്ടില്ലെന്ന് ആരാധകര്‍ പറയുന്നു.
അതേസമയം, ആവേശകരമായ മത്സരത്തില്‍ ഇരു ടീമുകളും അങ്ങോട്ടുമിങ്ങോട്ടും നിരവധി ശ്രമങ്ങള്‍ നടത്തി. ഫിനിഷിങ്ങില്‍ ഒഴികെ മിക്ക കണക്കിലും മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയ ലോക ചാമ്പ്യന്മാര്‍ക്കെതിരെ പുറത്തെടുത്തത്.