നൗകാമ്പ്: എഫ്.സി. ബാഴ്സലോണ കടുത്ത സാമ്പത്തിക ഞെരുക്കത്തിലെന്ന് ക്ലബ് പ്രസിഡന്റ് യോന്‍ ലപോര്‍ട്ട. കഴിഞ്ഞ ദിവസം ചേര്‍ന്ന പത്രസമ്മേളനത്തിനിടെയാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മുന്‍ പ്രസിഡന്റ് ജോസഫ് ബര്‍ത്തോമ്യുയെ വിമര്‍ശിച്ചുകൊണ്ടാണ് ക്ലബ്ബ് നേരിടുന്ന പ്രതിസന്ധി അദ്ദേഹം വിശദികരിച്ചത്. 1.6 ബില്യണ്‍ ഡോളറാണ് ബാര്‍സയുടെ കടം. (1,886,728,00,00 ഇന്ത്യന്‍ രൂപ)
ലയണല്‍ മെസി ക്ലബ് വിട്ടതിന് ശേഷവും സാമ്പത്തിക പ്രതിസന്ധി തുടരുന്നുവെന്ന് ലപോര്‍ട്ട പറഞ്ഞു. എന്നാല്‍ മെസിയുടെ കൂടുമാറ്റത്തിന് ഒരു പരിധിവരെ ക്ലബ്ബിനെ രക്ഷിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
മെസി ക്ലബ്ബ് വിടാനുണ്ടായ കാരണത്തിന് പിന്നില്‍ മുന്‍ പ്രസിഡന്റ് ബര്‍ത്തോമ്യുയാണെന്ന് ലപോര്‍ട്ട കുറ്റപ്പെടുത്തി. കഴിഞ്ഞ കാലങ്ങളിലെ ബാഴ്സലോണയുടെ മോശം പ്രകടനത്തിന്റെ പേരില്‍ ബോര്‍ഡ് ഡയറക്ടര്‍മാരെയും അദ്ദേഹം വിമര്‍ശിച്ചു.
രണ്ട് വര്‍ഷത്തിനിടെ ക്ലബ്ബ് ഈ വെല്ലുവിളികളെല്ലാം മറികടക്കുമെന്നും യാതൊരു ഭയവുമില്ലെന്നും ലപോര്‍ട്ട പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബാഴ്സ പ്രതിരോധ താരം ജെറാഡ് പിക്വെ തന്റെ വരുമാനം പകുതിയായി കുറച്ചിരുന്നു. പുതിയ താരങ്ങളായ മെന്‍ഫിസ് ഡിപ്പേ, എറിക്ക് ഗാര്‍സിയ തുടങ്ങിയ കളിക്കാര്‍ വേണ്ടിയാണ് പിക്വെ വരുമാനം കുറച്ചത്.