ലോകകപ്പ് നേടിയതിന് പിന്നാലെ അയാളുടെ ശരിയായ സ്വഭാവം പുറത്തുവന്നു; മെസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി.എസ്.ജി താരം
Sports News
ലോകകപ്പ് നേടിയതിന് പിന്നാലെ അയാളുടെ ശരിയായ സ്വഭാവം പുറത്തുവന്നു; മെസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി.എസ്.ജി താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd October 2024, 11:02 am

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് ലയണല്‍ മെസിയും സംഘവും 2022 ഖത്തര്‍ ലോകകപ്പ് കിരീടമണിഞ്ഞത്. മറഡോണക്ക് ശേഷം ലോകകപ്പ് മധുരം ബ്യൂണസ് ഐറിസിന് നല്‍കാനും മെസിക്കും സംഘത്തിനുമായി.

എന്നാല്‍ ലോകകപ്പ് വിജയത്തിന് പിന്നാലെ മെസിയുടെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ വന്നു എന്ന് പറയുകയാണ് മുന്‍ പി.എസ്.ജി ഡിഫന്‍ഡറും ഫ്രഞ്ച് സൂപ്പര്‍ താരവുമയ ജെറോം റോഥന്‍. ലോകകപ്പ് നേടുന്നതിന് മുമ്പ് വരെ സൗമ്യനായ ഒരു വ്യക്തിയായിരുന്നു മെസിയെന്നും എന്നാല്‍ ലോക ചാമ്പ്യനായതിന് ശേഷം അതില്‍ പ്രകടമായ മാറ്റങ്ങള്‍ വന്നുവെന്നും റോഥന്‍ പറഞ്ഞു.

2023ല്‍ ദി സണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘അവരുടെ (അര്‍ജന്റീന) സ്വഭാവത്തിലേക്ക് വരുമ്പോള്‍, അവരാണ് മറ്റുള്ളവരെ ആക്രമിക്കാന്‍ തുടക്കമിടുന്നത്. അവരുടെ ടീമിലെ പ്രധാന താരമായ ലയണല്‍ മെസി മുതല്‍ എല്ലാവരും അങ്ങനെ തന്നെ.

ഇപ്പോള്‍ അദ്ദേഹം ലോക ചാമ്പ്യനാണ്. സൗമ്യനും അനുകമ്പയുള്ള ഒരാളെന്ന പ്രതിച്ഛായയാണ് നേരത്തെ അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ വലിയ തരത്തിലുള്ള മാറ്റമുണ്ട്, അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്തുവന്നു,’ ജെറോം റോഥന്‍ പറഞ്ഞു.

ലോകകപ്പ് ക്വാളിഫയറിലെ അര്‍ജന്റീന – ബ്രസീല്‍ മത്സരത്തില്‍ മെസി ബ്രസീല്‍ താരം റോഡ്രിഗോയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിന് പിന്നാലെയാണ് റോഥന്‍ ഇക്കാര്യം പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്. മത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു.

‘ഇപ്പോള്‍ നിങ്ങള്‍ക്ക് അദ്ദേഹത്തെ തൊടാന്‍ പോലും സാധിക്കില്ല. ആ സമയങ്ങളില്‍ ഇന്നലെ റോഡ്രിഗോയോട് പറഞ്ഞതുപോലെ ‘ഞാനൊരു ലോക ചാമ്പ്യനാണ്’ എന്നുതന്നെയാണ് പറയുക.

അര്‍ജന്റീനക്കാര്‍ എന്താണോ, അതാണ് ആ ടീമിലൂടെ പ്രതിഫലിക്കുന്നത്. മറ്റൊരാള്‍ കാരണം നമ്മള്‍ വലുതാണ് എന്നതാണ് അര്‍ജന്റൈന്‍ ദേശീയതയുടെ ചിന്ത. അവര്‍ക്ക് കുറച്ചുകൂടി ക്ലാസ് ഉണ്ടായിരിക്കണം,’ റോഥന്‍ കൂട്ടിച്ചേര്‍ത്തു.

 

ലയണല്‍ മെസി 2023ലെ ബാലണ്‍ ഡി ഓര്‍ അര്‍ഹിച്ചിരുന്നില്ലെന്നും റോഥന്‍ അഭിപ്രായപ്പെട്ടു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജയന്‍ താരം എര്‍ലിങ് ഹാലണ്ടിനാണ് പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നത് എന്നാണ് റോഥന്‍ പറഞ്ഞത്.

Content Highlight: Lionel Messi’s former teammate Jerome Rothen criticize him