ഇന്റര്‍ മയാമിയിലേക്ക് കൂടുമാറി സൂപ്പര്‍ താരം ലയണല്‍ മെസിയുടെ മുന്‍ സഹതാരവും അര്‍ജന്റൈന്‍ ഗോള്‍കീപ്പറുമായ ഓസ്‌കാര്‍ ഉസ്താരി. ചിലിയന്‍ ക്ലബ്ബായ ഔഡാക്‌സ് ഇറ്റാലിയാനോയില്‍ നിന്നും ഫ്രീ ട്രാന്‍സ്ഫറായാണ് താരം മയാമിയിലെത്തിയത്.
തിങ്കളാഴ്ചയാണ് താരം മയാമിയുമായുള്ള കരാര്‍ പൂര്‍ത്തിയാക്കിയത്. ഡ്രേക് കലണ്ടറിന്റെ ബാക്കപ്പമായി ടീമിന്റെ രണ്ടാം നമ്പര്‍ ഗോള്‍ കീപ്പറായാകും ഉസ്താരി ഹെറോണ്‍സിനൊപ്പം ചേരുക.
ഇതിഹാസ താരം ലയണല്‍ മെസിക്കൊപ്പം വീണ്ടും കളിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു മയാമിലെത്തിയ ശേഷം 38കാരന്‍ പറഞ്ഞത്.
‘ഇന്റര്‍ മയാമി പോലെ ഒരു ക്ലബ്ബിലെത്തിയതില്‍ ഞാന്‍ ഏറെ ആവേശഭരിതനാണ്. വലിയ നേട്ടങ്ങള്‍ക്കായി കുതിക്കുന്ന ടീമിനൊപ്പം ചേരാന്‍ അവസരം നല്‍കിയതില്‍ ഏറെ നന്ദി. ലിയോയുമായി ഒരിക്കല്‍ക്കൂടി ലോക്കര്‍ റൂമും കളിക്കളവും പങ്കിടുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്,’ താരം പറഞ്ഞു.
ടീമിനായി എന്റെ ഇത്രയും കാലത്തെ അനുഭവസമ്പത്ത് നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2005ല്‍ അര്‍ജന്റൈന്‍ ക്ലബ്ബായ അത്‌ലറ്റികോ ഇന്‍ഡിപെന്‍ഡനൈറ്റില്‍ കളിച്ചുകൊണ്ടാണ് ഉസ്താരി തന്റെ കരിയര്‍ ആരംഭിച്ചത്. ശേഷം ഗെറ്റാഫെയിലേക്ക് ചേക്കേറിയ ഷോട്ട് സ്‌റ്റോപ്പര്‍ സ്പാനിഷ് ക്ലബ്ബിനായി 70 മത്സരത്തില്‍ കളത്തിലിറങ്ങി.
ബോക്ക ജൂനിയേഴ്‌സ്, അല്‍മേരിയ, സണ്ടര്‍ലാന്‍ഡ് എന്നിവര്‍ക്കൊപ്പം വിവിധ സീസണുകളില്‍ കളിച്ച താരം 2014 അര്‍ജന്റൈന്‍ ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിലേക്ക് ചേക്കേറി.
മെസിയുടെ യൂത്ത് ടീമിനൊപ്പം 45 മത്സരങ്ങള്‍ കളിച്ച താരം ശേഷം മെക്‌സിക്കന്‍ ഉറുഗ്വായന്‍ ടീമുകള്‍ക്കൊപ്പവും കളത്തിലിറങ്ങി.
അതേസമയം, എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് മയാമി. 27 മത്സരത്തില്‍ നിന്നും 18 ജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമായി 59 പോയിന്റാണ് ടീമിനുള്ളത്. 51 പോയിന്റുമായി എഫ്.സി സിന്‍സിനാറ്റിയാണ് രണ്ടാമത്.
സെപ്റ്റംബര്‍ 15നാണ് മയാമിയുടെ അടുത്ത മത്സരം. ചെയ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഫിലാഡെല്‍ഫിയയാണ് എതിരാളികള്‍.
Content Highlight: Lionel Messi’s ex-teammate Oscar Ustari joins Inter Miami