കഴിഞ്ഞ മാസമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിയുന്നത്. രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിച്ചതിന് ശേഷം താരം പാരീസിയന്‍ ക്ലബ്ബില്‍ നിന്ന് പടിയിറങ്ങുകയായിരുന്നു. തുടര്‍ന്ന് താരം തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നാണ് ആരാധകര്‍ ഒന്നടങ്കം കരുതിയിരുന്നതെങ്കിലും ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മെസി അമേരിക്കന്‍ ലീഗായ എം.എല്‍.എസുമായി ധാരണയിലെത്തുകയായിരുന്നു.
നിലവാരം കുറഞ്ഞ ലീഗില്‍ മെസി കളിക്കാന്‍ പോകുന്നതിനെ ചൊല്ലി വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ താരത്തിന്റെ പ്രവേശനത്തോടെ ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമി മെച്ചപ്പെടുമെന്നും എം.എല്‍.എസ്. ലീഗില്‍ തന്നെ അത് വലിയ പുരോഗതിയുണ്ടാക്കുമെന്നുമാണ് പ്രമുഖ ഫുട്‌ബോള്‍ താരങ്ങളും വിദ്ഗ്ദരും അഭിപ്രായപ്പെട്ടത്.
മെസിയും ഇന്റര്‍ മിയാമിയുമായുള്ള ഡീലിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. 150 ദശലക്ഷം രൂപ (1230 കോടി രൂപ) മൂല്യമുള്ളതാണ് കരാര്‍ എന്ന് യു.എസ്. ഡിജിറ്റല്‍ മാധ്യമമായ സ്‌പോര്‍ട്ടിക്കോ റിപ്പോര്‍ട്ട് ചെയ്തു. താരത്തിന്റെ ശമ്പളം, ബോണസ്, ക്ലബ്ബില്‍ മെസിക്ക് ലഭിക്കുന്ന ഓഹരി പങ്കാളിത്തം എന്നിവയെല്ലാം കൂടിച്ചേരുന്നതാണ് ഈ തുക. രണ്ട് വര്‍ഷത്തെ കരാറില്‍ 2025 വരെയാണ് മെസി ഇന്റര്‍ മിയാമിയില്‍ തുടരുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടാനും സാധിക്കും.
അതേസമയം, ആഡംബര കമ്പനികളായ ആപ്പിള്‍, അഡിഡാസ്, ഫനാറ്റിക്‌സ് എന്നിവയുടെ ലാഭവിഹിതം ഇതിനുപുറമെയാണ്. അഡിഡാസുമായി ആജീവാനന്ത കരാറിലുള്ള മെസിക്ക് അധിക വരുമാനം ഇതുവഴിയാണ് ലഭിക്കുക.