ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോളര്‍മാരാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. മോഡേണ്‍ ഫുട്‌ബോളിനെ ഡിഫൈന്‍ ചെയ്ത ഇരുവരെയും ചുറ്റിയായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലം ഫുട്‌ബോള്‍ ലോകം വലം വെച്ചത്.
പീക് ടൈമിലെ ഇരുവരുടെയും മത്സരങ്ങള്‍ കാണുക എന്നത് തന്നെ ഏതൊരു ഫുട്‌ബോള്‍ ആരാധകനെയും സംബന്ധിച്ച് വലിയ കാര്യം തന്നെയായിരുന്നു. ലോക റെക്കോഡുകള്‍ നേടിയും തകര്‍ത്തും ഇരുവരും ഒരേ ലക്ഷ്യത്തിലേക്ക് തന്നെ ഓടിയടുത്തു.
ഒരു കാലത്ത് യൂറോപ്യന്‍ ഫുട്‌ബോളിനെ അടക്കി ഭരിച്ചത് റൊണാള്‍ഡോയും മെസിയുമായിരുന്നു. ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും വിവിധ ലീഗ് ടൈറ്റിലുകളും വാരിക്കൂട്ടി ഇവര്‍ ഫുട്‌ബോളിന്റെ നെറുകയില്‍ ഒന്നിച്ചു നിന്നു.
ഇക്കഴിഞ്ഞ ദിവസമായിരുന്നു റൊണാള്‍ഡോയുടെ പേരിലുള്ള ഒരു റെക്കോഡ് മെസി തന്റെ പേരിലാക്കിയത്. ക്ലബ്ബ് ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന റെക്കോഡാണ് റൊണാള്‍ഡോയെ മറികടന്ന് മെസി തന്റെ പേരിലാക്കിയത്.
833 മത്സരത്തില്‍ നിന്നും 697 ഗോളുകളാണ് മെസി സ്വന്തമാക്കിയത്. 919 ക്ലബ്ബ് മത്സരത്തില്‍ നിന്നും 696 ഗോളുകളാണ് റൊണാള്‍ഡോയുടെ സമ്പാദ്യം.
ഇപ്പോഴിതാ, ക്രിസ്റ്റിയാനോയെ കുറിച്ചുള്ള ലയണല്‍ മെസിയുടെ മുന്‍കാലപ്രസ്താവന വീണ്ടും ചര്‍ച്ചകളിലേക്കെത്തിയിരിക്കുകയാണ്. 2013ലെ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ അവാര്‍ഡിനിടെ റൊണാള്‍ഡോയുടെ ഗോളടിക്കാനുള്ള കഴിവിനെ കുറിച്ചുള്ള മെസിയുടെ വാക്കുകളാണ് ചര്‍ച്ചയിലേക്കുയര്‍ന്നിരിക്കുന്നത്.
അന്ന് ബാഴ്‌സലോണയുടെ താരമായിരുന്നു മെസി, ക്രിസ്റ്റിയാനോയാകട്ടെ കറ്റാലന്‍മാരുടെ ചിരവൈരികളായ റയല്‍ മാഡ്രിന്റെ സൂപ്പര്‍ താരവുമായിരുന്നു.
‘കളിക്കുന്നത് ക്ലബ്ബിന് വേണ്ടിയോ ദേശീയ ടീമിന് വേണ്ടിയോ ആകട്ടെ അവന്‍ (ക്രിസ്റ്റിയാനോ റൊണാള്‍ഡോ) എപ്പോഴും ഗോള്‍ സ്‌കോര്‍ ചെയ്യുന്നു. വര്‍ഷങ്ങളായി അവന്‍ അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
അവന്‍ ഫോമിന്റെ പീക്കില്‍ ആയിരിക്കട്ടെ അതല്ല അല്‍പം താഴെയായിരിക്കട്ടെ, ഒരു വ്യത്യാസവും അതില്‍ വരുന്നില്ല. അവന്‍ ഗോളടിച്ചുകൊണ്ടിരിക്കുന്നു,’ എന്നായിരുന്നു മെസി പറഞ്ഞത്.
Content Highlight: Lionel Messi’s comment about Cristiano Ronaldo resurfaces