Football
പുതിയ സീസണ്‍, പഴയ മെസി, പുതിയ രീതികള്‍; ആക്രോബാറ്റിക്ക് ഗോള്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Aug 07, 03:03 am
Sunday, 7th August 2022, 8:33 am

ലീഗ് വണ്‍ ആദ്യ കളിയില്‍ പി.എസ്.ജിക്ക് തകര്‍പ്പന്‍ വിജയം. ക്ലര്‍മോണ്ട് ഫൂട്ടിനെതിരെയായിരുന്നു പി.എസ്.ജിടെ വിജയം. അഞ്ച് ഗോളിനായിരുന്നു പി.എസ്.ജി വിജയിച്ചത്. രണ്ട് ഗോളും ഒരു അസിസ്റ്റും നല്‍കിയ ലയണല്‍ മെസിയായിരുന്നു പി.എസ്.ജിയിലെ താരം. ഇതില്‍ ഒരു ബൈസൈക്കിള്‍ കിക്ക് ഗോളുമായി മെസി കളം നിറഞ്ഞു.

പി.എസ്.ജിക്കായി മെസി രണ്ടും നെയ്മര്‍, ഹക്കീമി, മാര്‍കിന്‍ഹോസ് എന്നിവര്‍ ഓരോ ഗോളും നേടി. ഒമ്പതാം മിനിട്ടില്‍ മെസിയുടെ അസിസ്സറ്റില്‍ നെയ്മറായിരുന്നു ആദ്യം വല കിലുക്കിയത്. പിന്നീട് 26ാം മിനിട്ടിലും 38ാം മിനിട്ടിലും നെയ്മറിന്റെ അസിസ്റ്റില്‍ ഹക്കീമിയും മാര്‍ക്കിനോസും ഗോള്‍ നേടി.

മെസി തന്റെ അക്കൗണ്ട് തുറന്നത് 80ാം മിനിട്ടിലായിരുന്നു. മത്സരത്തിലെ നെയ്മറിന്റെ മൂന്നാം അസിസ്റ്റ് തന്റെ പ്രിയ സുഹൃത്തിന് വേണ്ടിയായിരുന്നു. ആ ഗോള്‍ കഴിഞ്ഞ് ആറ് മിനിട്ടുകള്‍ക്ക് ശേഷമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മെസിയുടെ സൂപ്പര്‍ ബൈസൈക്കിള്‍ കിക്ക് ഗോള്‍ വരുന്നത്.

പരെഡസിന്റെ ഒരു എയര്‍ ത്രൂ ബോള്‍ മെസി നെഞ്ച് കൊണ്ട് സ്വീകരിച്ച് ഒരു ബൈസൈക്കിള്‍ കിക്ക് തൊടുത്തു വിടുകയായിരുന്നു. തന്റെ കരിയറില്‍ ഇതുവരെ രണ്ട് തവണ മാത്രമെ അദ്ദേഹം ഈ നേട്ടം കൈവരിച്ചിട്ടുള്ളു.

മികച്ച മത്സരത്തിന് മികച്ച ഒരു അന്ത്യവുമായി മെസി കളം നിറഞ്ഞ കാഴ്ചയായിരുന്നു കണ്ടത്. മെസിയോടൊപ്പം കഴിഞ്ഞ സീസണില്‍ എഴുതി തള്ളിയ നെയ്മറും അദ്ദേഹത്തിന്റെ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.

തന്റെ കരിയറിലെ ഏറ്റവും മോശം സീസണായിരുന്നു കഴിഞ്ഞ വര്‍ഷം ലയണല്‍ മെസിക്ക്. ഗോള്‍ നേടാനും തന്റെതായ ശൈലിയില്‍ ആറാടാനും മെസിക്ക് സാധിച്ചിരുന്നില്ല. മെസിയുടെ കാലം കഴിഞ്ഞതായി പലരും വിധിയെഴുതുയിരുന്നു. എന്നാല്‍ അങ്ങനെ തളരുന്നവനല്ല താനെന്ന് പല കുറി അദ്ദേഹം തെളിയിച്ചതാണ് . ഇത്തവണയും അത് തുടരുമെന്നതിന്റെ സൂചനയാണിത്.

Content Highlights: Lionel Messi’s Acrobatic goal in ligue one game as PSG won by five Goals