| Thursday, 8th June 2023, 8:29 am

ആ ക്ലബ്ബിലായിരുന്നപ്പോള്‍ ഒന്നും ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ല, അതെന്റെ കുടുംബത്തെ ബാധിച്ചു: ലയണല്‍ മെസി

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി എം.എല്‍.എസ്. ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ്. 2021ല്‍ ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയിലേക്ക് ചേക്കേറിയ മെസി രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിച്ചതിന് ശേഷം ക്ലബ്ബ് വിടുകയായിരുന്നു.

പാരീസിയന്‍ ക്ലബ്ബിലായിരുന്നപ്പോള്‍ താന്‍ സംതൃപ്തനായിരുന്നില്ലെന്നും അത് തന്റെ കുടുംബത്തെയും ബാധിച്ചിട്ടുണ്ടെന്നും പറയുകയാണ് മെസി ഇപ്പോള്‍. മെസിയുടെ വാക്കുകള്‍ ഉദ്ധരിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ റോയ് നെമര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘പി.എസ്.ജിയിലായിരുന്ന രണ്ട് വര്‍ഷം എനിക്ക് ആസ്വദിക്കാന്‍ സാധിച്ചിരുന്നില്ല. ഞാനവിടെ സന്തുഷ്ടനായിരുന്നില്ല. അതെന്റെ കുടുംബത്തെയും ബാധിച്ചിട്ടുണ്ട്,’ മെസി പറഞ്ഞതായി റോയ് നെമര്‍ ട്വീറ്റ് ചെയ്തു.

അതേസമയം, മെസി ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിച്ചിരുന്നത്. മെസിയുടെ പിതാവും ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

മെസിക്ക് ബാഴ്‌സലോണയിലേക്ക് മടങ്ങാനാണ് താത്പര്യമെന്നും എന്നാല്‍ ക്ലബ്ബുമായി ചര്‍ച്ച ചെയ്ത് മറ്റ് തടസങ്ങള്‍ ഒന്നുമില്ലെങ്കില്‍ മാത്രമെ ക്ലബ്ബുമായി സൈനിങ് നടത്തുകയുള്ളൂ എന്നും മെസിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മെസിയെ സൈന്‍ ചെയ്യുന്നതില്‍ നിന്ന് ബാഴ്‌സലോണക്ക് വിലങ്ങുതടി ആയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതിനിടെ മെസിയെ സ്വന്തമാക്കാന്‍ ഇന്റര്‍ മിയാമി വമ്പന്‍ ഓഫറുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. താരത്തിന് ക്ലബ്ബ് നിശ്ചയിച്ചിരിക്കുന്ന വേതനത്തിന് പുറമെ പ്രമുഖ സ്പോര്‍ട്സ് ബ്രാന്‍ഡ് ആയ അഡിഡാസ്, ആഢംബര ഇലക്ട്രോണിക്സ് കമ്പനിയായ ആപ്പിള്‍ എന്നിവയുടെ ലാഭത്തില്‍ നിന്ന് ഓരോ വിഹിതവും കൂടാതെ താരം ക്ലബ്ബില്‍ നിന്ന് വിരമിക്കുമ്പോള്‍ ഇന്റര്‍ മിയാമിയുടെ ഒരു വിഹിതവുമാണ് എം.എല്‍.എസ് ക്ലബ്ബിന്റെ ഓഫര്‍. പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: Lionel Messi reveals the reason why he left PSG

We use cookies to give you the best possible experience. Learn more