| Wednesday, 5th October 2022, 6:42 pm

മെസി തിരിച്ചു വരേണ്ട, അയാളില്ലാത്ത ബാഴ്സയെ സജ്ജമാക്കുകയാണ് ഞങ്ങൾ; തുറന്നടിച്ച് ജോട്ടാ ജോർദി

സ്പോര്‍ട്സ് ഡെസ്‌ക്

ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചുപോകുന്നതിനെ കുറിച്ചും പി.എസ്.ജിയിൽ തുടരുന്നതിനെ കുറിച്ചും ധാരാളം അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. മെസി കൂടൊഴിഞ്ഞതിന് ശേഷം നിരവധി താരങ്ങൾ ബാഴ്‌സയിലേക്ക് ചേക്കേറിയെങ്കിലും മെസിക്ക് വേണ്ടി ക്ലബ്ബിന്റെ വാതിലുകൾ എല്ലായ്പ്പോഴും തുറന്നു തന്നെ കിടക്കുമെന്ന് ബാഴ്‌സലോണ പലപ്പോഴായി അറിയിച്ചിരുന്നു.

അതേസമയം മെസിയുമായുള്ള കരാർ പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് പി.എസ്.ജി. എന്നാൽ താരം ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് ശേഷം മാത്രമെ മെസി തന്റെ തീരുമാനം അറിയിക്കൂ എന്നാണ് റിപ്പോട്ട്.

റൂമറുകൾ ഒരു വശത്ത് നിലനിൽക്കെ മെസി ബാഴ്‌സയിലേക്ക് തിരിച്ചു പോകുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുകൾ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പ്രമുഖ ഫുട്‌ബോൾ വിദ​ഗ്ധൻ ജോട്ട ജോർദി. താരം തിരിച്ച് ബാഴ്‌സലോണയിലെത്തി കഴിഞ്ഞാൽ അത് വലിയ അബദ്ധമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

”അത് തീർച്ചയായും ഒരു തെറ്റായ തീരുമാനമായിരിക്കും, അദ്ദേഹം തിരിച്ച് ബാഴ്‌സയലേക്കെത്തുന്നത് ദോഷകരമാണന്നേ ഞാൻ പറയൂ. ശരിയാണ് ബാഴ്‌സയെ സംബന്ധിച്ച് കഴിഞ്ഞ വർഷം വളരെ ദുരിതം നിറഞ്ഞതായിരുന്നു. മെസിയില്ലാത്ത ഒരു ജീവിതം ഞങ്ങൾ ബാഴ്‌സയിൽ ശീലിച്ചു വരികയാണ്, ഞങ്ങളതിന്റെ പുറത്ത് നന്നായി വർക്ക് ചെയ്യുന്നുമുണ്ട്. അങ്ങനെയിരിക്കുമ്പോൾ മെസി തിരികെ വരുന്നത്, അത് ടീമിന് ദോഷം ചെയ്യകയേ ഉള്ളൂ,” അദ്ദേഹം പറഞ്ഞു.

മെസിക്ക് ഒരു സെക്കൻഡറി റോളായിരിക്കും ബാഴ്‌സ വാഗ്ദാനം ചെയ്യുക എന്നും അത് താരത്തിന് സ്വീകരിക്കേണ്ടി വന്നാൽ അദ്ദേഹത്തിനും ബുദ്ധിമുട്ടായേക്കുമെന്നും ജോട്ടാ ജോർദി കൂട്ടിച്ചേർത്തു. മെസിയില്ലാതെ മുന്നോട്ട് പോകാൻ ബാഴ്‌സ ധൈര്യം കാണിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് മെസി പുറത്തെടുക്കുന്നത്. പി.എസ്.ജിയുടെ അവസാന ലീഗ് വൺ മത്സരത്തിൽ നീസിനെതിരായ ഗോൾ മെസിയുടെ കരിയറിലെ അറുപതാം ഫ്രീകിക്ക് ഗോളായിരുന്നു. ലയണൽ മെസി ക്ലബ്ബുകൾക്കായി 51 ഫ്രീ കിക്ക് ഗോളുകൾ നേടിയിട്ടുണ്ട്. ബാക്കിയുള്ള ഒമ്പത് ഗോൾ ദേശീയ ജഴ്സിയിലാണ്.

Content Highlights: Lionel Messi returns back to Barcelona isn’t good idea, says Pundit Jota Jordi

We use cookies to give you the best possible experience. Learn more