ബാഴ്‌സലോണയില്‍ താന്‍ നേരത്തെ അഭിമുഖീകരിച്ചിരുന്ന സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കരുത് എന്നുണ്ടായിരുന്നെന്നും തന്നെ സൈന്‍ ചെയ്യിക്കാന്‍ പല താരങ്ങളെയും വില്‍ക്കുന്നതിനോട് തനിക്ക് വിയോജിപ്പാണെന്നും മെസി പറഞ്ഞു. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോര്‍ട്ടീവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ബാഴ്‌സലോണയിലേക്ക് തിരിച്ച് പോകണമെന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ മുമ്പ് ഞാന്‍ ക്ലബ്ബ് വിടാന്‍ ഉണ്ടായ കാരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്ന് കണ്ടപ്പോള്‍ ഞാന്‍ എന്റെ തീരുമാനം മാറ്റുകയായിരുന്നു.
എനിക്ക് സ്വന്തമായി ഒരു തീരുമാനം എടുക്കേണ്ടിയിരുന്നു. എന്റെയും എന്റെ കുടുംബത്തിന്റെയുമെല്ലാം സന്തോഷം പരിഗണിക്കണമായിരുന്നു. ഇക്കൂട്ടത്തില്‍ ഞാന്‍ കേട്ട മറ്റൊരു കാര്യം ലാ ലിഗ എല്ലാം അംഗീകരിച്ചുവെന്നും എല്ലാം സുഗമമായി സംഭവിക്കാന്‍ പോകുന്നു എന്നുമാണ്. എന്നാല്‍ അവിടെ പല കാര്യങ്ങള്‍ക്കും തീരുമാനമായിട്ടുണ്ടായിരുന്നില്ല.
ഇതിനുപുറമെ എന്നെ ക്ലബ്ബിലെത്തിക്കാന്‍ ബാഴ്‌സലോണക്ക് പല താരങ്ങളെയും വില്‍ക്കേണ്ടി വരുമെന്നും സാലറി വെട്ടിക്കുറക്കേണ്ടി വരുമെന്നും കേട്ടു. ഞാന്‍ കാരണം അവിടെ ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടാകരുതെന്ന് എനിക്കുണ്ടായിരുന്നു. കാരണം, ഞാന്‍ ക്ഷീണിതനാണ്, അത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ മെസി പറഞ്ഞു.
അതേസമയം, മെസിയുടെ പിതാവും ബാഴ്സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
മെസിക്ക് ബാഴ്സലോണയിലേക്ക് മടങ്ങാനാണ് താത്പര്യമെന്നും എന്നാല്‍ ക്ലബ്ബുമായി ചര്‍ച്ച ചെയ്ത് മറ്റ് തടസങ്ങള്‍ ഒന്നുമില്ലെങ്കില്‍ മാത്രമെ ക്ലബ്ബുമായി സൈനിങ് നടത്തുകയുള്ളൂ എന്നും മെസിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മെസിയെ സൈന്‍ ചെയ്യുന്നതില്‍ നിന്ന് ബാഴ്സലോണക്ക് വിലങ്ങുതടി ആയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.