| Saturday, 5th November 2022, 11:28 am

അടിയില്ല, വെടി മാത്രം; ലയണല്‍ മെസി ഇനി പബ്ജിയിലും; പ്രതികരണവുമായി സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജി സൂപ്പര്‍ താരവും അര്‍ജന്റൈന്‍ ലെജന്‍ഡുമായ ലയണല്‍ മെസിയുമായി കൈകോര്‍ത്ത് ബാറ്റില്‍ ഗ്രൗണ്ട് മൊബൈല്‍ ഗെയിമായ പബ്ജി (PUBG).

‘ഇതിഹാസ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയുമായി പാര്‍ട്‌നര്‍ഷിപ്പിലെത്തിയ വിവരം ഏറെ ആവേശത്തോടെ നിങ്ങളെ അറിയിക്കുകയാണ്. നവംബറിലെ ഞങ്ങളുടെ പുതിയ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുക,’ എന്നാണ് മെസിയുമായുള്ള പാര്‍ട്‌നര്‍ഷിപ്പിന്റെ വിവരം പബ്ജി നേരത്തെ ആരാധകരുമായി പങ്കുവെച്ചത്.

പബ്ജിയുടെ 2.3 അപ്‌ഡേഷന്‍ നവംബറില്‍ പുറത്ത് വരാനാരിക്കെയാണ് മെസിയുമായി പാര്‍ട്‌നര്‍ഷിപ്പിലെത്തിയ വിവരം പബ്ജി പങ്കുവെച്ചത്.

താന്‍ പബ്ജിയുടെ വലിയൊരു ആരാധകനാണെന്നും ഇത്തരം ഗെയിമുകള്‍ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നുമായിരുന്നു പബ്ജിയുമായി പാര്‍ട്‌നര്‍ഷിപ്പിലെത്തിയ ശേഷം മെസിയുടെ പ്രതികരണം.

മെസിയെ ഉദ്ദരിച്ചുകൊണ്ട് നാഷന്‍ ഡോട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘വീഡിയോ ഗെയിമുകള്‍ എപ്പോഴും എന്റെ ജീവതത്തിന്റെ ഭാഗമാണ്. പരിശീലനമില്ലാത്ത സമയങ്ങളില്‍ മാനസിക പിരമുറുക്കങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഞാന്‍ ഗെയിമുകള്‍ കളിക്കാറുണ്ട്. ടീം അംഗങ്ങളുമായും സുഹൃത്തുക്കളും കുടുംബവുമായും കൂടുതല്‍ ഒത്തുചേരാനും ഇതിലൂടെ എനിക്ക് സാധിക്കുന്നുണ്ട്.

പബ്ജി മൊബൈല്‍ ഏറെ രസകരമാണ്. ലോകത്തെമ്പാടുമുള്ള പബ്ജി ആരാധകരില്‍ ഞാനും ഒരാളാണ്. ഞങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു. ഒപ്പം പബ്ജി മൊബൈല്‍ എന്നോടൊപ്പം കളിക്കാന്‍ എല്ലാവരേയും ക്ഷണിക്കുകയും ചെയ്യുന്നു,’ മെസി പറഞ്ഞു.

മെസിയുമായി പാര്‍ട്‌നര്‍ഷിപ്പിലേര്‍പ്പെടാന്‍ സാധിച്ചത് തങ്ങളുടെ ഭാഗ്യമാണെന്നായിരുന്നു ടെന്‍സെന്റ് ഗെയിംസിന്റെ മേധാവി വിന്‍സെന്റ് വാങ് പറഞ്ഞു.

‘ഇത്തരമൊരു സൂപ്പര്‍ താരം പബ്ജിക്കൊപ്പം ചേരുന്നതില്‍ ഞങ്ങള്‍ ഏറെ ആവേശഭരിതരും അതിലേറെ ഭാഗ്യവാന്‍മാരുമാണ്. പബ്ജി കളിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളും ഫുട്‌ബോളും ഇഷ്ടപ്പെടുന്നവരാണ്. ഈ ഗെയിം പുതിയ ആളുകള്‍ക്കിടയിലേക്ക് എത്തിക്കാന്‍ ഇനിയും കാത്തിരിക്കാനാവില്ല,’ അദ്ദേഹം പറഞ്ഞു.

2017ല്‍ ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ സബ്‌സിഡിയറിയായ പബ്ജി കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത ഒരു ഓണ്‍ലൈന്‍ മള്‍ട്ടിപ്ലെയര്‍ ബാറ്റില്‍ റൊയേല്‍ ഗെയിമാണ് പ്ലെയര്‍ അണ്‍നോണ്‍സ് ബാറ്റില്‍ ഗ്രൗണ്ട് എന്ന പബ്ജി.

Content Highlight:  Lionel Messi reacts after collaboration with PUBG

We use cookies to give you the best possible experience. Learn more