കഴിഞ്ഞ ദിവസമാണ് ലയണല്‍ മെസി യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മിയാമിയിലേക്ക് പോകാന്‍ തീരുമാനമെടുത്തത്. താരം ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നായിരുന്നു അവസാന നിമിഷം വരെ ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് മെസി യൂറോപ്യന്‍ ഫുട്‌ബോളില്‍ നിന്ന് എം.എല്‍.എസിലേക്ക് കൂടുമാറ്റം നടത്തിയത്.
വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഇതിന് പിന്നാലെ മെസിയെ തേടിയെത്തിയത്. ആരോപണങ്ങളോടുള്ള മെസിയുടെ പ്രതികരണം ശ്രദ്ധ നേടുകയാണിപ്പോള്‍. വാര്‍ത്ത ഏജന്‍സിയായ സ്‌പോര്‍ട്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘അതെ, യൂറോപ്പ് വിടുകയാണ്. സത്യാവസ്ഥ എന്തെന്ന് വെച്ചാല്‍ യൂറോപ്പില്‍ നിന്ന് തന്നെ വേറെയും ക്ലബ്ബുകളില്‍ നിന്ന് എനിക്ക് ഓഫര്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഞാന്‍ അതൊന്നും വിലയിരുത്തുക പോലും ചെയ്തിട്ടില്ല. കാരണം യൂറോപ്പില്‍ കളിക്കുകയാണെങ്കില്‍ അത് ബാഴ്‌സലോണയില്‍ മാത്രമായിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു,’ മെസി പറഞ്ഞു.
രണ്ട് വര്‍ഷത്തെ കരാറിലാണ് താരം എം.എല്‍.എസ് ക്ലബ്ബുമായി സൈന്‍ ചെയ്യുക. മെസി ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിച്ചിരുന്നത്. മെസിയുടെ പിതാവും ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
മെസിക്ക് ബാഴ്‌സലോണയിലേക്ക് മടങ്ങാനാണ് താത്പര്യമെന്നും എന്നാല്‍ ക്ലബ്ബുമായി ചര്‍ച്ച ചെയ്ത് മറ്റ് തടസങ്ങള്‍ ഒന്നുമില്ലെങ്കില്‍ മാത്രമെ ക്ലബ്ബുമായി സൈനിങ് നടത്തുകയുള്ളൂ എന്നും മെസിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മെസിയെ സൈന്‍ ചെയ്യുന്നതില്‍ നിന്ന് ബാഴ്‌സലോണക്ക് വിലങ്ങുതടി ആയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Content Highlights: Lionel Messi reaction on allegations