| Sunday, 5th March 2023, 1:03 pm

ആയിരത്തിന്റെ നിറവില്‍ ലയണല്‍ മെസി; ക്രിസ്റ്റ്യാനോയെ പിന്നിലാക്കി മെസിയുടെ പുതിയ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ലീഗ് വണ്ണില്‍ പി.എസ്.ജിക്കായി നേടിയ ഗോളോടെ പുതിയ റെക്കോഡിട്ടിരിക്കുകയാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. ക്ലബ്ബ് ഫുട്‌ബോളില്‍ ഗോളുകളുടെയും അസിസ്റ്റുകളുടെയും എണ്ണം 1000 തികച്ചിരിക്കുകയാണ് താരം.

2003ല്‍ ക്ലബ്ബ് ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ച മെസി 841 മത്സരങ്ങളില്‍ നിന്ന് 701 ഗോളും 299 അസിസ്റ്റുമാണ് പേരിലാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇങ്ങനെയൊരു റെക്കോഡ് കുറിക്കുന്ന താരമായി മാറിയിരിക്കുകയാണ് മെസി.

ആധുനിക ഫുട്‌ബോളിലെ മികച്ച അഞ്ച് ലീഗുകളില്‍ നിന്ന് ഇത്തരത്തിലൊരു നേട്ടം കൊയ്യുന്ന താരവും മെസിയാണ്. ക്ലബ്ബ് ഫുട്‌ബോള്‍ ഗോള്‍ കോണ്ട്രിബ്യൂഷനില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍ കോണ്ട്രിബ്യൂഷന്‍ 912 ആണ്.

ഈ സീസണില്‍ പി.എസ്.ജിക്കായി 35 ഗോളുകളാണ് മെസി കോണ്ട്രിബ്യൂട്ട് ചെയ്തത്. നാന്റെസിനെതിരെ കളിച്ച മത്സരത്തിലാണ് പി.എസ്.ജിയുടെ ജേഴ്‌സിയില്‍ 35ാം ഗോള്‍ താരം അക്കൗണ്ടിലാക്കുന്നത്. മത്സരത്തിലെ 12ാം മിനിട്ടിലായിരുന്നു മെസിയുടെ ഷോട്ടില്‍ നിന്നും പി.എസ്.ജിയുടെ ആദ്യ ഗോള്‍ പിറക്കുന്നത്.

17ാം മിനിട്ടില്‍ ജാവൂന്‍ ഹദ്ജാമിന്റെ ഓണ്‍ ഗോളിലൂടെ പി.എസ്.ജി ലീഡുയര്‍ത്തി. 31ാം മിനിട്ടില്‍ ലുഡോവിച് ബ്ലാസ്റ്റ് നാന്റെസിനായി ഗോള്‍ മടക്കി. 38ാം മിനിട്ടില്‍ ഇഗ്‌നേഷ്യസ് ഗനാഗോ ഗോള്‍ നേടിയതോടെ നാന്റെസ് സമനില പിടിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ ഡാനിലോ പെരേര ഗോള്‍ നേടിയതോടെ പി.എസ്.ജി ലീഡ് നേടി. ഇഞ്ച്വറി ടൈമില്‍ എംബാപ്പെയുടെ റെക്കോഡ് ഗോളിലൂടെ പി.എസ്.ജി ജയമുറപ്പിക്കുകയായിരുന്നു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാര്‍ച്ച് ഒമ്പതിന് ബയേണ്‍ മ്യൂണിക്കിനെതിരെ പി.എസ്.ജിയുടെ രണ്ടാം പാദ മത്സരം നടക്കും.

Content Highlights: Lionel Messi reaches 1000 combined goals and assists in his club career

We use cookies to give you the best possible experience. Learn more