റൊണാൾഡോ കയ്യടക്കിവെച്ച റെക്കോഡിലേക്ക് ഇനി മെസിയും; ചരിത്രനേട്ടത്തിൽ അർജന്റീനൻ ഇതിഹാസം
Football
റൊണാൾഡോ കയ്യടക്കിവെച്ച റെക്കോഡിലേക്ക് ഇനി മെസിയും; ചരിത്രനേട്ടത്തിൽ അർജന്റീനൻ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th March 2024, 9:58 am

മേജര്‍ ലീഗ് സോക്കറില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒര്‍ലാന്‍ഡോ സിറ്റിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഇന്റര്‍മയാമി പരാജയപ്പെടുത്തിയിരുന്നു.

മയാമിക്കായി സൂപ്പര്‍താരങ്ങളായ ലയണല്‍ മെസി, ലൂയി സുവാരസ് എന്നിവര്‍ ഇരട്ട ഗോള്‍ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് മെസി സ്വന്തമാക്കിയത്.

ഫുട്‌ബോളില്‍ ലീഗ് മത്സരങ്ങളില്‍ 500 ഗോളുകള്‍ എന്ന പുതിയ നാഴികകല്ലിലേക്കാണ് മെസി നടന്നുകയറിയത്. 587 മത്സരങ്ങളില്‍ നിന്നുമാണ് അര്‍ജന്റീനന്‍ നായകന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണക്കൊപ്പം 474 ലാലിഗ ഗോളുകളും ഫ്രഞ്ച് വമ്പന്‍മാര്‍ പി.എസ്.ജിക്കൊപ്പം 22 ലിഗ് വണ്‍ ഗോളുകളും നേടി, ഇപ്പോള്‍ ഇന്റര്‍ മിയാമിയ്ക്കൊപ്പം നാല് എം.എല്‍.എസ് ഗോളുകളും മെസി നേടി.

ഇതിനുമുമ്പ് ലീഗ് മത്സരങ്ങളില്‍ 500 ഗോളുകള്‍ നേടിയത് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു.

പോര്‍ച്ചുഗീസ് ഇതിഹാസം സ്പോര്‍ട്ടിങ് സി.പിക്കൊപ്പം മൂന്ന് ലിഗ പോര്‍ച്ചുഗല്‍ ഗോളുകളും ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം 103 പ്രീമിയര്‍ ലീഗ് ഗോളുകളും റയല്‍ മാഡ്രിഡിനൊപ്പം 311 ലാ ലിഗ ഗോളുകളും യുവന്റസുമായി 81 സീരി ഗോളുകളും അല്‍ നാസറിനൊപ്പം 37 സൗദി പ്രോ ലീഗ് ഗോളുകളുമാണ് പോര്‍ച്ചുഗീസ് ഇതിഹാസം നേടിയത്.

നിലവില്‍ 687 മത്സരങ്ങളില്‍ നിന്ന് 534 ലീഗ് ഗോളുകളാണ് റൊണാള്‍ഡോയുടെ പേരിലുള്ളത്. ക്ലബ്ബ് തലത്തിലും രാജ്യത്തിനുമായി 877 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്.

അതേസമയം മത്സരത്തില്‍ നാലാം മിനിട്ടില്‍ തന്നെ സൂപ്പര്‍താരം ലൂയി സുവാരസ് ഇന്റര്‍മയാമിയുടെ ഗോളടി മേളത്തിന് തുടക്കം കുറിച്ചു. 11ാം മിനിട്ടില്‍ സുവാരസ് മയാമിക്കായി രണ്ടാം ഗോള്‍ നേടി.

മയാമിയുടെ മൂന്നാം ഗോള്‍ റോബര്‍ട്ട് ടെയ്ലറിന്റെ വകയായിരുന്നു. 29ാം മിനിട്ടില്‍ ആയിരുന്നു താരം ഗോള്‍ നേടിയത്. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ മെസിയും കൂട്ടരും എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിലായിരുന്നു സൂപ്പര്‍ താരം മെസിയുടെ ഇരട്ട ഗോള്‍ പിറന്നത്. 57,62 മിനിട്ടുകളിലായിരുന്നു മെസിയുടെ ഗോളുകള്‍ പിറന്നത്.

ജയത്തോടെ മേജര്‍ ലീഗ് സോക്കറില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവും ഒരു സമനിലയുമടക്കം ഏഴ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഇന്റര്‍ മയാമി. കോണ്‍കാഫ് ചാമ്പ്യന്‍സ് കപ്പില്‍ മാര്‍ച്ച് എട്ടിന് നടക്കുന്ന മത്സരത്തില്‍ നാഷ്വില്ലെയാണ് ഇന്റര്‍ മയാമിയുടെ എതിരാളികള്‍.

 

Contenmt Highlight: Lionel Messi reached 500 league goals in football