| Sunday, 8th August 2021, 4:06 pm

നെയ്മര്‍-മെസി മുന്നേറ്റം വീണ്ടും? പി.എസ്.ജിയിലേക്കെന്ന സൂചന നല്‍കി മെസി

സ്പോര്‍ട്സ് ഡെസ്‌ക്

നൗകാമ്പ്: ബാഴ്‌സലോണയില്‍ നിന്ന് പോകുന്നത് പി.എസ്.ജിയിലേക്കെന്ന സൂചന നല്‍കി ലയണല്‍ മെസി. നൗകാമ്പില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് മെസിയുടെ പ്രതികരണം.

ഒരുപാട് ക്ലബുകളില്‍ നിന്ന് ഓഫറുണ്ടെന്നും പി.എസ്.ജിയ്ക്കാണ് സാധ്യതയെന്നും മെസി പറഞ്ഞു. നൗകാമ്പിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പൊട്ടിക്കരഞ്ഞാണ് മെസി സംസാരിച്ചത്.

തനിക്കും കുടുംബത്തിനും ബാഴ്‌സ വിട്ട് പോകാന്‍ ഉദ്ദേശമില്ലെന്നും ബാഴ്‌സലോണയില്‍ അവരുടെ ഭാവി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും മെസി പറഞ്ഞു.

‘ഞാന്‍ ഇത്രയും വര്‍ഷങ്ങളായി ഇവിടെയുണ്ട്. എന്റെ 13 വയസ്സ് മുതല്‍… 21 വര്‍ഷത്തിനുശേഷം ഞാന്‍ പോകും. എല്ലാത്തിനും നന്ദി. എന്റെ സഹപ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ ഹൃദയം നിറഞ്ഞ നന്ദി. ഞാന്‍ ഈ ക്ലബ്ബിനായി എല്ലാം നല്‍കി,’ മെസി പറഞ്ഞു.

ബാഴ്‌സയില്‍ തുടരാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് മെസി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലാലിഗ നിയമങ്ങള്‍ എല്ലാം തകിടം മറിച്ചു.

കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ ജേര്‍ണലിസ്റ്റും ട്രാന്‍സ്ഫര്‍ ഗുരുവെന്ന് വിളിപ്പേരുമുള്ള ഫാബ്രീസിയോ റൊമാനോയും മെസി പി.എസ്.ജിയിലേക്ക് പോവുമെന്ന കാര്യം സൂചന നല്‍കിയിരുന്നു.

കൊറോണ മൂലമുള്ള വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ബാഴ്സയെ മെസിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. മെസിയുടെ വേതനം പകുതിയാക്കി കുറയ്ക്കാനായിരുന്നു ക്ലബ്ബ് തീരുമാനം.

പുതിയ കരാറില്‍ ഒപ്പുവയ്ക്കുന്നതിന് മുന്നോടിയായുള്ള അവസാന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മെസിയുടെ പടിയിറക്കം.

മെസി പി.എസ്.ജിയിലെക്കെത്തുമ്പോള്‍ ആക്രമണോത്സുക ഫുട്ബോളിന് പേരുകേട്ട ടീമിന്റെ മുന്നേറ്റനിര കൂടുതല്‍ ശക്തമാകുമെന്നുറപ്പാണ്.

അതിനാല്‍ തന്നെ കറ്റാലന്മാരുടെ പടത്തലവനെ ഏതുവിധേനയും ടീമിലേക്കെത്തിക്കാന്‍ പി.എസ്.ജി ശ്രമം നടത്തുകയായിരുന്നു. അങ്ങനെയെങ്കില്‍ മെസിയും നെയ്മറും നയിക്കുന്ന മുന്നേറ്റനിരയും റാമോസിന്റെ നേതൃത്വത്തിലെ പ്രതിരോധവും ഏതൊരു ടീമിനേയും പരീക്ഷിക്കാന്‍ പോന്നതാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Lionel Messi PSG Barcelona

We use cookies to give you the best possible experience. Learn more