ലയണല്‍ മെസി തന്റെ എട്ടാം ബാലണ്‍ ഡി ഓര്‍ അവാര്‍ഡിന്റെ തിളക്കത്തിലാണ്. മെസി തന്റെ ബാലണ്‍ ഡി ഓര്‍ ട്രോഫിയുമായി സ്വന്തം ടീമായ ആയ ഇന്റര്‍ മയാമിയില്‍ എത്തിയിരിക്കുകയാണ്.
എട്ടാം ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ഇന്റര്‍ മയാമി ആരാധകര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു മെസി.
എം.എല്‍.എസ് സീസണ്‍ അവസാനിച്ചതിനുശേഷമുള്ള ഇന്റര്‍ മയാമിയും ന്യൂയോര്‍ക്ക് സിറ്റിയും തമ്മിലുള്ള സൗഹൃദമത്സരത്തിന് മുന്നോടിയായിട്ടായിരുന്നു മെസി തന്റെ അവിസ്മരണീയ നേട്ടം ആരാധകര്‍ക്ക് സമ്മാനിച്ചത്.
ഇന്റര്‍ മയാമി ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയത്തിലൂടെ ട്രോഫിയുമായി നടക്കുകയായിരുന്നു മെസി.
ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും ഈ സീസണില്‍ ആണ് ലയണല്‍ മെസി ഇന്റര്‍മയാമിയില്‍ എത്തുന്നത്. മെസിയുടെ വരവോടുകൂടി മയാമി മികച്ച വിജയകുതിപ്പായിരുന്നു കാഴ്ചവെച്ചത്.
ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് മെസിയുടെ നേതൃത്വത്തില്‍ മയാമി നേടിയിരുന്നു. എന്നാല്‍ സെപ്റ്റംബറില്‍ ഇന്റര്‍നാഷണല്‍ ബ്രേക്കിനിടെ താരത്തിന് പരിക്കേല്‍ക്കുകയും തുടര്‍ന്നുള്ള മയാമിയുടെ മത്സരങ്ങളെല്ലാം മെസിക്ക് നഷ്ടമായിരുന്നു. ഇതിനുപിന്നാലെ ക്ലബ്ബിന് പ്ലേ ഓഫ് സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.
അതേസമയം 2022 ഖത്തര്‍ ലോകകപ്പില്‍ മെസി അര്‍ജന്റീനയെ ലോക കിരീടത്തിലേക്ക് നയിക്കുകയും ആ ടൂര്‍ണമെന്റില്‍ ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിക്കൊണ്ട് ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. ക്ലബ്ബ് തലത്തില്‍ പി.എസ്.ജിക്കൊപ്പം ലീഗ് വണ്‍ കിരീടം നേടുകയും ടീമിനായി 20 ഗോളുകളും ചെയ്തിരുന്നു. ഈ മികച്ച പ്രകടനങ്ങളാണ് ലയണല്‍ മെസിയെ എട്ടാം ബാലണ്‍ ഡി ഓര്‍ നേട്ടത്തിന് അര്‍ഹനാക്കിയത്.
Content Highlight: Lionel Messi presents the Ballon d’Or to Inter Miami fans.