| Tuesday, 31st January 2023, 11:29 am

ലോകചാമ്പ്യന്‍ഷിപ്പിലേക്ക് തന്നെ നയിച്ച പരിശീലകനെ കുറിച്ച് വാചാലനായി ലയണല്‍ മെസി

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ കോച്ച് ലയണല്‍ സ്‌കലോണിയുമായി അടുത്ത ബന്ധമാണ് നായകന്‍ ലയണല്‍ മെസിക്ക്. അര്‍ജന്റൈന്‍ ദേശീയ ടീമിന്റെ വിജയത്തിന് അത് സഹായകരമാവുകയും ചെയ്തിട്ടുണ്ട്.

സ്‌കലോണിയുടെ നേതൃത്വത്തില്‍ കോപ്പാ, ഫൈനലിസിമ, ലോകകപ്പ് എന്നീ കിരീടങ്ങള്‍ അര്‍ജന്റീന കരസ്ഥമാക്കുകയും കൂടാതെ സ്‌കലോണിക്ക് കീഴില്‍ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം നേടാനും മെസിക്കായി.

ഖത്തര്‍ ലോകകപ്പില്‍ ചാമ്പ്യന്മാരായി വന്നതിന് ശേഷം സ്‌കലോണി അര്‍ജന്റീനയുടെ ദേശീയ ടീമില്‍ പരിശീലനം തുടരുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നാല്‍ അദ്ദേഹം ടീമില്‍ തുടരുമെന്ന് തന്നെയാണ് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രതീക്ഷ.

തന്റെ അന്ത്യാഭിലാഷങ്ങള്‍ നേടിയെടുക്കുന്നതിന് കൂടെ നിന്ന പ്രിയ പരിശീലകനെ കുറിച്ച് വാചാലനാവുകയാണ് ഇപ്പോള്‍ മെസി.

‘അദ്ദേഹം പ്രഗത്ഭനായ പരിശീലകനാണ്. അര്‍ജന്റൈന്‍ ദേശീയ ടീമിനെ അദ്ദേഹം ഒത്തിരി ഇഷ്ടപ്പെടുന്നുണ്ട്. ഈ ഘട്ടങ്ങളിലൂടെയും ഒരിക്കല്‍ കടന്നുപോയ താരമാണ് സ്‌കലോണി. അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ച അനുഭവ സമ്പത്തുണ്ട് അദ്ദേഹത്തിന്. അതുകൊണ്ട് തന്നെ എന്താണ് പറയേണ്ടതെന്നും പ്രവര്‍ത്തിക്കേണ്ടതെന്നുമെല്ലാം അദ്ദേഹത്തിന് വ്യക്തമായി അറിയാം,’ മെസി പറഞ്ഞു.

അര്‍ജന്റൈന്‍ പടയെ ഇന്ന് കാണുന്ന നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ പ്രധാന പങ്കുവഹിച്ച പരിശീലകനാണ് ലയണല്‍ സ്‌കലോണി. മെസിയും കൂട്ടരും ലോകകപ്പ് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മാത്രം ശ്രദ്ധിക്കപ്പെട്ട ഈ പരിശീലകന്‍ കളിയില്‍ പയറ്റിയ തന്ത്രങ്ങള്‍ എക്കാലവും വേറിട്ടുനില്‍ക്കുന്നതാണ്.

ഒരിക്കല്‍ പരാജിതനെന്ന പരിഹാസം കേള്‍ക്കേണ്ടിവന്നയാളാണ് സ്‌കലോണി. 2006 മെയ് 13ന് കാര്‍ഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തില്‍ എഫ്.എ കപ്പ് ഫൈനലില്‍ ലിവര്‍പൂളിനോട് വെസ്റ്റ് ഹാംയുണൈറ്റഡ് തോറ്റപ്പോള്‍ സ്‌കലോണി പൊട്ടിക്കരയുകയായിരുന്നു.

അന്ന് സ്റ്റീവന്‍ ജെറാര്‍ഡ് ആ ഗോള്‍ നേടുന്നതിന് മുമ്പ് പന്ത് നഷ്ടമാക്കിയത് വെസ്റ്റ്ഹാം താരമായിരുന്ന സ്‌കലോണിയായിരുന്നു. അദ്ദേഹം ഒരു ക്ലിയറന്‍സ് നടത്തിയിരുന്നെങ്കില്‍ ഒരിക്കലും കണ്ണീരോടെ മടങ്ങേണ്ടിവരുമായിരുന്നില്ല.

ആറ് മാസത്തെ ലോണിലാണ് സ്‌കലോണി ഡിപോര്‍ട്ടീവോ ലാ കൊരുണയില്‍ നിന്ന് വെസ്റ്റ് ഹാമിലെത്തിയത്. മത്സരശേഷം സ്‌കലോണി ഏറെ പാടുപെട്ടാണ് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയത്. എഫ്.എ കപ്പ് ഫൈനല്‍ കഴിഞ്ഞ ആ രാത്രി ഇനി ഫുട്ബോള്‍ കളിക്കുന്നില്ലെന്ന് പോലും ചിന്തിച്ചതായി സ്‌കലോണി പിന്നീട് പറഞ്ഞിട്ടുണ്ട്.

ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന 2014 ലെ ബ്രസീലില്‍ ലോകകപ്പ് ഫൈനലില്‍ പരാജയപ്പെടുമ്പോള്‍ സ്‌കലോണി ഇറ്റലിയില്‍ അറ്റലാന്റയ്ക്കായി ഫുട്‌ബോള്‍ കളിക്കുകയായിരുന്നു.

2018ല്‍ അര്‍ജന്റീന ലോകകപ്പില്‍ നിന്നും പുറത്തായപ്പോള്‍ സ്‌കലോണി അന്നത്തെ പരിശീലകന്‍ ജോര്‍ജ്ജ് സാമ്പവോളിയുടെ സഹായിയായിരുന്നു. പിന്നീട് ടീമിന്റെ താത്കാലിക ചുമതലയും സ്ഥിരം പരിശീലകനുമായി മാറി.

‘നിങ്ങള്‍ക്ക് ഭ്രാന്താണ്. ഒരു ട്രാഫിക് നിയന്ത്രിക്കാന്‍പോലും അയാള്‍ക്കാകില്ല’ എന്നായിരുന്നു ലയണല്‍ സ്‌കലോണിയെ അര്‍ജന്റീന പരിശീലകനായി നിയമിച്ചതറിഞ്ഞ മറഡോണയുടെ ആദ്യ പ്രതികരണം. നാല് വര്‍ഷം മുമ്പ്, അന്നുപക്ഷേ മറഡോണയെ കുറ്റംപറയാനാകില്ല. അന്ന് 40 വയസുള്ള സ്‌കലോണിക്ക് പരിശീലനപരിചയം ഒട്ടുമുണ്ടായിരുന്നില്ല.

2019 കോപ്പ അമേരിക്കയില്‍ ടീമിനെ നയിച്ച് മൂന്നാം സ്ഥാനത്തെത്തി. 2021ല്‍ കോപ്പ അമേരിക്ക കിരീടം നേടി. തുടര്‍ന്ന് ഫൈനലിസിമ നേടിക്കൊടുത്തു, ഒപ്പം 36 മത്സരങ്ങളില അപരാജിത കുതിപ്പും. പ്രായോഗികതയുടെ വക്താവാണ് സ്‌കലോണി, സൂത്രശാലിയും. എതിരാളിയുടെ കരുത്തറിഞ്ഞുള്ള കളിവിന്യാസവും പദ്ധതിയും ഒരുക്കും. മൈതാനത്ത് തിടുക്കം കാട്ടാതെ കളി അവലംബിക്കും..

28 വര്‍ഷത്തെ ട്രോഫിയില്ലാത്ത വരള്‍ച്ച അവസാനിപ്പിക്കാന്‍ സ്‌കലോണി തന്റെ ടീമിനെ സഹായിച്ചു. 2022 ലെ ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയകരമായ കാമ്പെയ്ന്‍ പൂര്‍ത്തിയാകുമ്പോള്‍ സ്‌കലോണി വഹിച്ച പങ്ക് എക്കാലവും ഓര്‍മിക്കപ്പെടും.

Content Highlights: Lionel Messi praises Lionel Scaloni

We use cookies to give you the best possible experience. Learn more