'അപാരമായ കഴിവ്'; അടുത്ത ബാലണ്‍ ഡി ഓര്‍ തേടിയെത്തും'; എംബാപ്പെയെ പ്രശംസിച്ച് മെസി
Football
'അപാരമായ കഴിവ്'; അടുത്ത ബാലണ്‍ ഡി ഓര്‍ തേടിയെത്തും'; എംബാപ്പെയെ പ്രശംസിച്ച് മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 31st October 2023, 9:31 am

2023ലെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയതിന് പിന്നാലെ പുരസ്‌കാര വേദിയില്‍ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ പ്രശംസിച്ച് ലയണല്‍ മെസി. ബാലണ്‍ ഡി ഓര്‍ റാങ്കിങ്ങില്‍ എര്‍ലിങ് ഹാലണ്ട് രണ്ടാം സ്ഥാനത്തും കിലിയന്‍ എംബാപ്പെ മൂന്നാം സ്ഥാനത്തുമാണ്. അവാര്‍ഡ് ഏറ്റുവാങ്ങിയതിന് പിന്നാലെ ഇരുതാരങ്ങളെയും പ്രശംസിച്ച് മെസി സംസാരിക്കുകയായിരുന്നു.

‘കിലിയനോടൊപ്പം ഒരേ ക്ലബ്ബില്‍ ഞാന്‍ രണ്ട് വര്‍ഷം ഞാന്‍ ചെലവഴിച്ചിട്ടുണ്ട്. അവന്റെ അപാരമായ കഴിവിനെക്കുറിച്ച് എനിക്കറിയാം. അവന്‍ വളരെ ചെറുപ്പമാണ്. ഭാവിയില്‍ അവനും ഹാലണ്ടും മികച്ച് നില്‍ക്കുന്നത് നമുക്ക് കാണാം. വളരെ പെട്ടെന്നുതന്നെ അവര്‍ ബാലണ്‍ ഡി ഓര്‍ ജേതാക്കളാകും,’ മെസി പറഞ്ഞു.

കരിയറിലെ എട്ടാമത്തെ ബാലണ്‍ ഡി ഓറാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. കോപ്പ അമേരിക്കയും ഫൈനലിസിമയും ഫിഫ ലോകകപ്പുമുള്‍പ്പെടെ അര്‍ജന്റൈന്‍ ദേശീയ ടീമിനെ ട്രിപ്പിള്‍ ക്രൗണ്‍ ജേതാക്കളാക്കിയതാണ് മെസിക്ക് ബാലണ്‍ ഡി ഓര്‍ നേടിക്കൊടുത്തത്.

മെസിക്ക് ശക്തമായ പോരാട്ടം നല്‍കിയിരുന്നത് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയ നോര്‍വീജന്‍ ഗോളടി യന്ത്രം എര്‍ലിങ് ഹാലണ്ട് ആണ്. ദേശീയ ടീമിന് വേണ്ടി മെസി നേടിയ നേട്ടങ്ങളെല്ലാം തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഹാലണ്ട് നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേട്ടത്തിന്റെ കിരീടം ഇതിനോടകം സ്വന്തമാക്കിയ ഹാലണ്ട് സിറ്റിക്ക് ക്വാഡ്രാപ്പിള്‍ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.

ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അര്‍ജന്റീനക്കായി കിരീടമുയര്‍ത്തിയതിന് പുറമെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിക്കായി 20 ഗോളുകളും 21 അസിസ്റ്റുകളും മെസി അക്കൗണ്ടിലാക്കിയിട്ടുണ്ട്. പാരീസിയന്‍സിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയ മെസി ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു.

Content Highlights: Lionel Messi praises Kylian Mbappe