ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളില്‍ രണ്ടുപേരാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. മെസി ബാഴ്‌സലോണയിലും റോണോ റയല്‍ മാഡ്രിഡിലും ആയിരുന്നപ്പോള്‍ ഇരുവരും നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഗ്രൗണ്ടിന് പുറത്ത് പരസ്പര ബഹുമാനം നിറഞ്ഞ ബന്ധം പുലര്‍ത്തുന്ന താരങ്ങള്‍ കൂടിയാണ് ഇരുവരും.
2020ലെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ യുവെന്റസിനെതിരെയുള്ള ബാഴ്‌സലോണയുടെ മത്സരത്തിന് ശേഷം റൊണാള്‍ഡോയുടെ കളി ശൈലിയെ മെസി സംസാരിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
‘അവനൊരു കൊള്ളയടിക്കാരനായ സ്‌ട്രൈക്കര്‍ ആണ്. സ്‌കോര്‍ ചെയ്യാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന കളിക്കാരന്‍. അവന്‍ എപ്പോള്‍ കളിച്ചാലും സ്‌കോര്‍ ചെയ്യും. ഒരു സ്‌ട്രൈക്കര്‍ എന്ന നിലയില്‍ ഒത്തിരി ഗുണങ്ങള്‍ ഉള്ള താരമാണ് റൊണാള്‍ഡോ,’ എന്നായിരുന്നു മെസിയുടെ വാക്കുകള്‍.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മറ്റൊരു അഭിമുഖത്തില്‍ മെസിയെ പ്രശംസിച്ച് സംസാരിച്ചിരുന്നു. 15 വര്‍ഷങ്ങളോളം തങ്ങള്‍ ഒരുമിച്ച് കളം പങ്കിട്ടിരുന്നെന്നും തങ്ങള്‍ക്കിടയില്‍ നല്ലൊരു സൗഹൃദമുണ്ടെന്നുമാണ് റൊണാള്‍ഡോ പറഞ്ഞിരുന്നത്.
‘എനിക്കറിയില്ല മുമ്പ് എപ്പോഴെങ്കിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്ന്. ഒരേ താരങ്ങള്‍ ഒരേ വേദി ഇത്രയധികം കാലം പങ്കിടുക. ഞാനും മെസിയും 15 വര്‍ഷം അങ്ങനെയായിരുന്നു,’ റൊണാള്‍ഡോ പറഞ്ഞു.
ഈ സീസണില്‍ മികച്ച പ്രകടനമാണ് പി.എസ്.ജിയുടെ സൂപ്പര്‍താരം കാഴ്ചവെക്കുന്നത്. ഖത്തര്‍ ലോകകപ്പില്‍ ചാമ്പ്യനായി വന്നതിനുശേഷവും മികച്ച ഫോമിലാണ് ക്ലബ്ബ് ഫുട്‌ബോളില്‍ മെസി തുടരുന്നത്.
അതേസമയം, യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീലയിട്ട് മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറിയ റൊണാള്‍ഡോക്ക് പഴയ ഫോമിലേക്ക് തിരിച്ചെത്താനായിട്ടില്ല. പുതിയ ക്ലബ്ബായ അല്‍ നസറിന് വേണ്ടി കളിച്ച രണ്ട് മത്സരങ്ങളിലും ഗോള്‍ നേടാന്‍ റൊണാള്‍ഡോക്ക് കഴിഞ്ഞിരുന്നില്ല. വരാനിരിക്കുന്ന മത്സരങ്ങളില്‍ മികവ് കാട്ടി പഴയ റൊണാള്‍ഡോയായി താരം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlights: Lionel Messi praises Cristiano Ronaldo