ഫുട്‌ബോളില്‍ പ്രശംസയര്‍ഹിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ; ലയണല്‍ മെസി
Football
ഫുട്‌ബോളില്‍ പ്രശംസയര്‍ഹിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ; ലയണല്‍ മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th November 2023, 10:59 pm

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രശംസിച്ച് ലയണല്‍ മെസി. 2020ല്‍ മെസി ബാഴ്‌സലോണയിലും ക്രിസ്റ്റ്യാനോ യുവന്റസിനുമായി കളിക്കുന്ന സമയത്ത് അദ്ദേഹം പറഞ്ഞ വാചകങ്ങള്‍ ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണിപ്പോള്‍.

ഓരോ കായികയിനത്തിലും കൂടുതല്‍ അഭിനന്ദനം അര്‍ഹിക്കുന്ന ഒരു താരമുണ്ടാകുമെന്നും ഫുട്‌ബോളില്‍ അത് റൊണാള്‍ഡോയാണെന്നുമാണ് മെസി പറഞ്ഞത്. ലാ സെക്‌സറ്റയോടാണ് മെസി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘അഭിനന്ദിക്കപ്പെടേണ്ട നിരവധി താരങ്ങളുണ്ട്. നദാല്‍, ഫെഡറര്‍, ലിബ്രോണ്‍ അങ്ങനെ എല്ലാ കായിക ഇനത്തിലും മികച്ച പ്രകടനം കൊണ്ട് വേറിട്ടുനില്‍ക്കുന്ന ഒരു താരം ഉണ്ടാകും. ഫുട്‌ബോളില്‍ അത് ക്രിസ്റ്റ്യാനോയാണ്. അതുപോലെ നിരവധി താരങ്ങളുണ്ട്, കൂടുതല്‍ മികവ് പുലര്‍ത്തി പ്രശംസ നേടുന്നവര്‍,’ മെസി പറഞ്ഞു.

യൂറോപ്യന്‍ ഫുട്ബോളില്‍ 15 വര്‍ഷത്തോളം തിളങ്ങി നിന്നിരുന്ന താരങ്ങളാണ് മെസിയും റോണോയും. കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ മെസി അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറുകയായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ഇടവേളയെടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മയാമിയില്‍ ചേരുകയായിരുന്നു. രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മയാമിയുമായി സൈന്‍ ചെയ്തത്.

Content Highlights: Lionel Messi praises Cristiano Ronaldo