| Wednesday, 24th May 2023, 10:06 am

ഹാലണ്ടോ ഡി ബ്രൂയിനോ? ഇവരാരുമല്ല, സിറ്റിയിലെ മികച്ച താരത്തിന്റെ പേരു പറഞ്ഞ് ലയണല്‍ മെസി

സ്പോര്‍ട്സ് ഡെസ്‌ക്

പ്രകടന മികവ് കൊണ്ട് ഇംഗ്ലണ്ടിലെ ഏറ്റവും ശക്തമായ ക്ലബ്ബായി മാറിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. മൂന്ന് പ്രീമിയര്‍ ലീഗ് ടൈറ്റിലുകള്‍ പേരിലാക്കി എഫ്.എ കപ്പ് ഫൈനലില്‍ എത്തിയിരിക്കുന്ന സിറ്റി ചാമ്പ്യന്‍സ് ലീഗിലും ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ്.

ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയിരിക്കുന്ന താരമാണ് എര്‍ലിങ് ഹാലണ്ട്. നിരവധി റെക്കോഡുകള്‍ തകര്‍ത്തുകൊണ്ട് 52 ഗോളുകളാണ് ഈ സീസണില്‍ താരത്തിന്റെ സമ്പാദ്യം. കെവിന്‍ ഡി ബ്രൂയിന്‍ ആണ് സിറ്റിയില്‍ തിളങ്ങുന്ന മറ്റൊരു താരം. കൂടുതല്‍ അസിസ്റ്റുകള്‍ പേരിലാക്കികൊണ്ട് ബ്രൂയിന്‍ തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഏറ്റവും മികച്ച താരമായി മെസി കാണുന്നത് മറ്റൊരു താരത്തെയാണ്. സിറ്റിയല്‍ തന്നെ കൂടുതല്‍ ആകര്‍ഷിച്ച താരത്തിന്റെ പേര് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ജൂലിയന്‍ അല്‍വാരസിനെയായിരുന്നു തെരഞ്ഞെടുത്തത്. ഗോള്‍ നേടുന്നതിലുള്ള അല്‍വാരസിന്റെ കഴിവിനെ പ്രശംസിച്ച മെസി അദ്ദേഹത്തെ ‘വേട്ട മൃഗം’ എന്നും വിശേഷിപ്പിച്ചു. സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മെസി അല്‍വാരസിനെ പ്രശംസിച്ച് സംസാരിച്ചത്.

‘ജൂലി വളരെ ആകര്‍ഷണീയനായ താരമാണ്. അടുത്തിടെ ജൂലി ഒരു പടി കൂടി മുന്നോട്ടുപോയി എന്നതാണ് സത്യം. അവന്റെ വളര്‍ച്ച അസാധാരണമായിരുന്നു. സത്യം പറഞ്ഞാല്‍ അവന്റെ ഈ ഗ്രോത്ത് ആരും പ്രതീക്ഷിച്ചിരുന്നില്ല. അവനൊരു ‘മൃഗമാണ്’,’ മെസി പറഞ്ഞു.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് അല്‍വാരസ് റിവര്‍പ്ലേറ്റില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിച്ച എല്ലാ മത്സരങ്ങളിലും സ്‌കോര്‍ ചെയ്ത ഒരേയൊരു താരം അല്‍വാരസാണ്. ഇതിനകം പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ പ്രിയ കളിക്കാരില്‍ ഒരാളായി മാറാനും അല്‍വാരസിന് കഴിഞ്ഞു.

ഖത്തര്‍ ലോകപ്പില്‍ അര്‍ജന്റീനക്കായി മെസിക്ക് പിന്നാലെ കൂടുതല്‍ ഗോള്‍ നേടി ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയ താരമാണ് അല്‍വാരസ്. അര്‍ജന്റീനയുടെ കിരീടനേട്ടത്തില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. തന്റെ ആദ്യ വേള്‍ഡ് കപ്പില്‍ തന്നെ നാല് ഗോളുകള്‍ പേരിലാക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

മധ്യനിരയിലും ഡിഫന്‍ഡിങ്ങിലും സഹായിക്കാന്‍ പലപ്പോഴും അല്‍വാരസിന് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വേള്‍ഡ് കപ്പില്‍ ലൗട്ടാരോ മങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ അഭാവം അറിയിക്കാതെ അര്‍ജന്റീനയെ മുന്നോട്ടുകൊണ്ടുപോയത് ജൂലിയന്‍ അല്‍വാരസായിരുന്നു. അര്‍ജന്റീനക്ക് ഇനിയും ഏറെ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താന്‍ കഴിയുന്ന താരമാണ് അല്‍വാരസ്.

Content Highlights: Lionel Messi praise Julian Alvarez

We use cookies to give you the best possible experience. Learn more