മെസി ഒറ്റക്ക് പരിശീലിക്കുന്നതെന്തിന്? താരം പരിക്കിന്റെ പിടിയിലോ? അധികൃതർ വിശദീകരണം നൽകിയിട്ടും ചങ്കിടിപ്പ് മാറാതെ ആരാധകർ
Football
മെസി ഒറ്റക്ക് പരിശീലിക്കുന്നതെന്തിന്? താരം പരിക്കിന്റെ പിടിയിലോ? അധികൃതർ വിശദീകരണം നൽകിയിട്ടും ചങ്കിടിപ്പ് മാറാതെ ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 20th November 2022, 1:30 pm

ലോകകപ്പിനായി ഖത്തറിലെത്തിയ ടീം അർജന്റീന തുടർച്ചയായ രണ്ട് ദിവസം യൂണിവേഴ്സിറ്റി ​ഗ്രൗണ്ടിൽ പരിശീലനം നടത്തിയിരുന്നു.

എന്നാൽ രണ്ട് ദിവസവും സൂപ്പർതാരം ലയണൽ മെസിയെ ടീമിനൊപ്പം കണ്ടിരുന്നില്ല. തുടർന്നാണ് താരം പരിക്ക് മൂലം വിശ്രമത്തിലാണെന്ന ഊഹാപോഹങ്ങൾ പ്രചരിച്ചത്.

പാരീസ് സെന്റ് ഷെർമാങ്ങിന് വേണ്ടി ലീ​ഗ് മത്സരം കളിക്കുന്നതിനിടെ കാൽക്കുഴക്ക് പരിക്കേറ്റ മെസി ലോറിയെന്റിനെതിരെ നടന്ന മത്സരത്തിൽ കളിച്ചിരുന്നില്ല.

തൊട്ടടുത്ത ദിവസങ്ങളിൽ വിശ്രമമെടുത്തതിന് ശേഷം താരം ടീം അർജന്റീനക്കൊപ്പം ഖത്തറിലേക്ക് പുറപ്പെടുകയായിരുന്നു.

എന്നാൽ ഖത്തറിലെത്തിയ മെസി വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റക്ക് പരിശീലിക്കുകയായിരുന്നെന്നും വ്യായാമം മാത്രമാണ് ഇപ്പോൾ ചെയ്യുന്നുതെന്നുമാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചത്.

താരത്തിന് സാരമായ പരിക്കുകളൊന്നുമില്ലെന്നും ചൊവ്വാഴ്ച്ച നടക്കുന്ന ​ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മെസി കളിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. മുൻകരുതലിന്റെ ഭാ​ഗമായാണ് മെസി പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും ഫെഡറേഷൻ വ്യക്തമാക്കി.

എന്നാൽ താരത്തിന്റെ ആരോ​ഗ്യ സ്ഥിതി മോശമല്ലെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും ആരാധകരുടെ ആശങ്ക വിട്ടുമാറിയില്ല. പരിക്കിൽ നിന്ന് മോചിതനായി ലോകകപ്പ് സ്ക്വാഡിനൊപ്പം ചേർന്ന സെന​ഗൽ താരം സാദിയോ മാനെയുടെയും മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ടൂർണമെന്റിൽ നിന്ന് പുറത്തുപോകേണ്ടി വന്ന കരിം ബെൻസെമയുടെയും അനുഭവങ്ങളാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ഖത്തറിലെത്തിയതിന് ശേഷം യു.എ.ഇയുമായി നടന്ന സൗഹൃദ മത്സരത്തിൽ മെസിയുമുണ്ടായിരുന്നു. എതിരില്ലാത്ത അഞ്ച് ​ഗോളുകൾക്ക് യു.എ.ഇയെ തോൽപിച്ച മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിനായിരുന്നു

36 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായാണ് അർജന്റീന ഇത്തവണ ഖത്തർ ലോകകപ്പിനിറങ്ങുന്നത്.

തുടർച്ചയായി പരാജയം അറിയാതെ മെസിക്കും സംഘത്തിനും മുന്നേറാനായത് ഖത്തറിലും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

നവംബർ 23ന് സൗദി അറേബ്യയുമായാണ് അർജന്റീനയുടെ അരങ്ങേറ്റ മത്സരം. മെക്‌സിക്കോയും പോളണ്ടുമാണ് അർജന്റീനക്കൊപ്പം ഗ്രൂപ്പ് സിയിലുള്ള മറ്റ് ടീമുകൾ. ഇതിൽ മെക്‌സിക്കോയെ നവംബർ 27നും പോളണ്ടിനെ ഡിസംബർ ഒന്നിനുമാണ് അർജന്റീന നേരിടുക.

Content Highlights: Lionel Messi practicing alone in the ground at Qatar