ഈ സീസണില്‍ മികച്ച പ്രകടനമാണ് നിലവില്‍ പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ സ്ട്രൈക്കറും അര്‍ജന്റൈന്‍ ഇതിഹാസവുമായ ലയണല്‍ മെസി കാഴ്ചവെക്കുന്നത്.
കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലൂടെ പി.എസ്.ജിയിലേക്കെത്തിയ താരത്തിന് തുടക്കത്തില്‍ ക്ലബ്ബിനെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള പെര്‍ഫോമന്‍സ് കാഴ്ച വെക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും പിന്നീട് റെക്കോഡ് നേട്ടങ്ങളാണ് താരം സ്വന്തമാക്കുന്നത്.
എന്നിരുന്നാലും ഈ സീസണോടു കൂടി പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കും. കരാര്‍ പുതുക്കാന്‍ പി.എസ്.ജി തയ്യാറെടുത്തിരുന്നെങ്കിലും ഖത്തര്‍ ലോകകപ്പിന് ശേഷം കരാറുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന് മെസി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതേസമയം മുന്‍ ക്ലബ്ബായ ബാഴ്‌സലോണ മെസിക്ക് വേണ്ടി കിണഞ്ഞ് ശ്രമിക്കുന്നതായു റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ബാഴ്സക്ക് പുറമെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി എന്നിവരും താരത്തില്‍ വളരെയധികം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ എം.എല്‍.എസ് ക്ലബ്ബ് മെസിയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഡേവിഡ് ബെക്കാമിന് പുറമെ ഇന്റര്‍ മിയാമിയുടെ ഉടമകളായ ജോര്‍ജ് മാസ്, ജോസ് മാസ് എന്നിവര്‍ മെസിയുടെ പിതാവായ ജോര്‍ജ് മെസിയുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ ലോകഫുട്‌ബോളില് ഏറ്റവുമധികം തിളങ്ങി നില്‍ക്കുന്ന ലയണല്‍ മെസിയെ ടീമിലെത്തിക്കുക വഴി ക്ലബ്ബിലേക്ക് കൂടുതല്‍ ആരാധകരെ കൊണ്ട് വരാനുള്ള ഒരുക്കത്തിലാണ് ബെക്കാമും സംഘവും.
ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളും 12 അസിസ്റ്റുകളുമാണ് മെസിയുടെ അക്കൗണ്ടിലുള്ളത്. കഴിഞ്ഞ മത്സരത്തില്‍ ട്രോയസിനെ കീഴ്പ്പെടുത്തിയ പി.എസ്.ജി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.
Content Highlights: Lionel Messi planning to sign with MLS club, says report