ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാര്? മെസിയോ റൊണാള്‍ഡോയോ? കാലങ്ങളായി തുടരുന്ന തര്‍ക്കമാണിത്. ഈ തര്‍ക്കം കാലങ്ങളോളം അന്ത്യമില്ലാതെ തുടരുമെന്നും ഉറപ്പാണ്.
ഇവരില്‍ മികച്ചതാര് എന്ന ചോദ്യം മിക്ക ഫുട്‌ബോള്‍ താരങ്ങളും പരിശീലകരും നേരിട്ടിട്ടുണ്ട്. എന്നാല്‍ മികച്ച താരമാണ് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ലയണല്‍ മെസി. ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡോ നസാരിയോയുടെ പേരാണ് മെസി പറഞ്ഞത്. മുമ്പ് ടി.വൈ.സി സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് മെസി മികച്ച താരത്തിനുള്ള തന്റെ തെരഞ്ഞെടുപ്പ് നടത്തിയത്.
‘അദ്ദേഹം (റൊണാള്‍ഡോ നസാരിയോ) ഒരു പ്രതിഭാസമായിരുന്നു. ഫുട്‌ബോളില്‍ ഒരുപാട് സ്‌ട്രൈക്കര്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ചത് അദ്ദേഹമായിരുന്നു. ഫുട്‌ബോളില്‍ എല്ലാ തലത്തിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു,’ മെസി പറഞ്ഞു.
ഫുട്‌ബോള്‍ ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതിവെക്കപ്പെട്ട പേരാണ് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോയുടേത്. കളിക്കളത്തില്‍ ഇടിമിന്നലായി തങ്ങളുടെ വലകുലുക്കുന്ന പ്രൈം റൊണാള്‍ഡോ എന്നും എതിരാളികളുടെ പേടി സ്വപ്നമായിരുന്നു.
ക്ലബ്ബ് തലത്തില്‍ സ്പെയ്നിലും ഇറ്റലിയിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച താരമായിരുന്നു റൊണാള്‍ഡോ. സ്പെയ്നില്‍ ബാഴ്സലോണക്കും റയലിനും വേണ്ടി പന്തു തട്ടിയ റൊണാള്‍ഡോ ഇറ്റലിയില്‍ എ.സി മിലാനും ഇന്റര്‍ മിലാനും വേണ്ടിയാണ് കളത്തിലിറങ്ങിയത്.
ഫുട്‌ബോള്‍ ചരിത്രത്തിലെ പ്രധാന ടീമുകള്‍ക്കും അവരുടെ ചിരവൈരികള്‍ക്കുമായി പന്തു തട്ടിയ റൊണാള്‍ഡോയെ ഈ നാല് ക്ലബ്ബിന്റെയും ആരാധകര്‍ ഒരു പോലെ ഇഷ്ടപ്പെടുന്നു എന്നതാണ് അദ്ദേഹത്തെ കൂടുതല്‍ മികച്ചതാക്കുന്നത്.
ക്ലബ്ബ് തലത്തില്‍ 384 മത്സരത്തില്‍ നിന്നും 280 ഗോള്‍ നേടിയ താരം ബ്രസീല്‍ ദേശീയ ടീമിന് വേണ്ടി കളത്തിലിറങ്ങിയ 98 മത്സരത്തില്‍ നിന്നും 62 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
ബ്രസീലിനൊപ്പം രണ്ട് ലോകകപ്പും രണ്ട് കോപ്പ അമേരിക്കയും കോണ്‍ഫെഡറേഷന്‍ കപ്പും സ്വന്തമാക്കിയ താരം രണ്ട് ലാലീഗ, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, യുവേഫ കപ്പ്, സ്പാനിഷ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, ഡച്ച് കപ്പ്, രണ്ട് തവണ ബ്രസീസിന്‍ കപ്പ്, ഇന്റര്‍നാഷണല്‍ കപ്പ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.
രണ്ട് തവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം, ഈ പുരസ്‌കാരം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 1997ല്‍ ബാലണ്‍ ഡി ഓര്‍ നേടുമ്പോള്‍ വെറും 21 വയസായിരുന്നു റൊണാള്‍ഡോയുടെ പ്രായം. ഇതിന് പുറമെ മൂന്ന് വിവിധ ടീമുകള്‍ക്കൊപ്പം മൂന്ന് തവണ ഫിഫയുടെ മികച്ച താരമെന്ന നേട്ടവും സ്വന്തമാക്കി.
Content highlight: Lionel Messi picks Ronaldo Nazario as the best player