2022ലെ ഖത്തര്‍ ലോകകപ്പ് പല ഇതിഹാസ താരങ്ങളുടെയും അവസാന ലോകകപ്പാകുമെന്നാണ് കരുതപ്പെടുന്നത്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി, പോര്‍ച്ചുഗല്‍ ലെജന്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ജേതാവ് കരീം ബെന്‍സെമ തുടങ്ങിയവരില്‍ പലരും ഈ ലോകകപ്പോടെ ദേശീയ ടീമിനോട് വിട പറഞ്ഞേക്കും.
ഖത്തറില്‍ ആരുതന്നെ കിരീടം നേടിയാലും ഈ ലോകകപ്പ് സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ എന്നിവരുടെ അവസാന ലോകകപ്പ് എന്ന പേരിലാകും അറിയപ്പെടാന്‍ സാധ്യത. തങ്ങളുടെ അവസാന ലോകകപ്പില്‍ സ്വന്തം ടീമിനെ വിശ്വവിജയികളാക്കിയ ശേഷം പടിയിറങ്ങാന്‍ തന്നെയാകും മെസിയും റോണോയും ഒരുങ്ങുന്നത്.
ഇക്കൂട്ടത്തില്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്നത് അര്‍ജന്റീനക്ക് തന്നെയാണ്. കഴിഞ്ഞ മുപ്പതിലധികം മത്സരങ്ങളില്‍ ഒന്നില്‍ പോലും തോല്‍ക്കാതെയാണ് ലയണല്‍ സ്‌കലോണിയുടെ കുട്ടികള്‍ ജൈത്രയാത്ര തുടരുന്നത്.
ലാറ്റിനമേരിക്കയുടെ ചാമ്പ്യന്‍മാരായി കോപ്പ അമേരിക്കയും ഫൈനലിസിമ കിരീടവും നാട്ടലെത്തിച്ചാണ് മറഡോണയുടെ പിന്‍മുറക്കാര്‍ ഖത്തറിലേക്ക് പറക്കുന്നത്. ദശാബ്ദങ്ങള്‍ക്ക് ശേഷം അര്‍ജന്റീനക്ക് ഒരു ലോകകിരിടം എന്നത് തന്നെയാവും മെസിയും ലക്ഷ്യമിടുന്നത്.
എന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് മെസി. സ്‌പെയ്‌നും ജര്‍മനിയുമടക്കമുള്ള വമ്പന്‍ പേരുകാരെയെല്ലാം സൂചിപ്പിച്ച മെസി ഏറ്റവുമധികം സാധ്യത കല്‍പിക്കുന്നത് പി.എസ്.ജിയിലെ തന്റെ സഹതാരങ്ങളുടെ ടീമിനാണ്.
അഞ്ച് തവണ ലോകത്തിന്റെ നെറുകയിലെത്തിയ ബ്രസീലിനും നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനുമാണ് മെസി പ്രത്യേക സാധ്യതയും പരിഗണനയും കല്‍പിക്കുന്നത്.
ഡയറക്ടീവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
‘ബ്രസീല്‍, ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയ്ന്‍ തുടങ്ങിയ വമ്പന്‍ ദേശീയ ടീമുകള്‍ ഇത്തവണ ലോകകപ്പിനുണ്ട്, ഞാന്‍ പലരേയും വിട്ടുപോകുന്നുണ്ട് എന്ന് എനിക്കറിയാം. എന്നാല്‍ ഒന്നോ രണ്ടോ പേരിലേക്ക് ഇവരെ ചുരുക്കേണ്ടി വന്നാല്‍ ഇന്ന് ബ്രസീലും ഫ്രാന്‍സും തന്നെയാണ് ലോകകപ്പ് നേടാന്‍ ഏറ്റവും ശക്തരായ ടീമെന്ന് ഞാന്‍ കരുതുന്നു,’
‘ഫ്രാന്‍സിന് വളരെ കാലമായി ഓരേ ഗ്രൂപ്പ് തന്നെയാണുള്ളത്. കഴിഞ്ഞ യൂറോക്ക് മുമ്പ് ഇവര്‍ വളരെ മോശം ടീമായിരുന്നു. അവര്‍ക്ക് മികച്ച താരങ്ങളുണ്ട്. ഒരേ കോച്ച് തന്നെയാണ് ഏറെ കാലമായി അവര്‍ക്കൊപ്പമുള്ളത്. ബ്രസീലും അങ്ങനെ തന്നെ. അവരാണ് വേള്‍ഡ് കപ്പ് ഫേവറിറ്റുകള്‍ ഇന്ന് എനിക്ക് തോന്നുന്നു,’ താരം പറയുന്നു.