അന്താരാഷ്ട്ര കരിയറിലും ക്ലബ്ബ് ഫുട്‌ബോളിലുമായി 800ല്‍ പരം ഗോളുകള്‍ നേടിയ താരങ്ങളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഏറ്റവും കൂടുതല്‍ ഹാട്രിക് നേടിയതുള്‍പ്പെടെ നിരവധി റെക്കോഡുകളാണ് ഇരുവരും പേരിലാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കുറസാവോക്കെതിരെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് അര്‍ജന്റീന വിജയിച്ചിരുന്നു. മത്സരത്തില്‍ മെസി ഹാട്രിക് നേടിയതോടെ ആകെ ഹാട്രിക്കുകളുടെ എണ്ണം 57 ആയി.
താരത്തിന്റെ കൂടുതല്‍ ഹാട്രിക്കുകളും ബാഴ്‌സലോണക്ക് വേണ്ടിയായിരുന്നു. ബാഴ്‌സക്കായി കളിച്ച 17 വര്‍ഷത്തിനിടെ 48 ഹാട്രിക്കുകളാണ് താരം നേടിയത്. ദേശീയ ടീമിനൊപ്പം ഒമ്പത് ഹാട്രിക്കുകള്‍ നേടാനും താരത്തിനായി. എന്നാല്‍ പി.എസ്.ജിക്കായി ഒരു ഹാട്രിക് നേടാന്‍ താരത്തിന് സാധിച്ചിട്ടില്ല.
അതേസമയം, പോര്‍ച്ചുഗലിനായി 10ഉം ക്ലബ്ബുകള്‍ക്ക് വേണ്ടി 52ഉം ഹാട്രിക്കുകള്‍ നേടി ആകെ 62 ഹാട്രിക്കുകളാണ് റൊണാള്‍ഡോയുടെ പേരിലുള്ളത്. റയല്‍ മാഡ്രിഡില്‍ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടം ചെലവഴിച്ച താരം 44 ഹാട്രിക്കുകളാണ് ക്ലബ്ബിനായി നേടിയത്. യുവന്റസിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും വേണ്ടി മൂന്ന് ഹാട്രിക്കുകള്‍ വീതവും ഏറ്റവും പുതിയ ക്ലബ്ബായ അല്‍ നസറിനായി രണ്ട് ഹാട്രിക്കുകളുമാണ് റൊണാള്‍ഡോ നേടിയത്.
പ്രായം 35ഉം 38ഉം കടന്നെങ്കിലും കരിയറില്‍ കൂടുതല്‍ മികവ് പുലര്‍ത്തി കൂടുതല്‍ റെക്കോഡുകള്‍ പേരിലാക്കാനുള്ള പ്രയാണം തുടരുകയാണ് രണ്ട് ഇതിഹാസങ്ങളും.
Content Highlights: Lionel Messi or Cristiano Ronaldo, who scores more hatricks